Sports

ഷൂട്ടൗട്ടില്‍ പോളണ്ട് കടന്നു

പാരിസ്: കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി പോളണ്ട് യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഇന്നലെ നടന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും 1-1ന് സമനില പാലിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-5ന് പോളണ്ട് മറികടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ രണ്ടാം കിക്കെടുത്ത ഗ്രാന്റ് സാക്ക പന്ത് പുറത്തേക്കടിച്ച് പാഴാക്കുകയായിരുന്നു.
മല്‍സരത്തിന് വിപരീതമായി 39ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ജാക്കുബ് ബ്ലാസ്‌കോവ്‌സ്‌കിയിലൂടെ പോളണ്ടാണ് ആദ്യം ഗോള്‍ നേടിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ബ്ലാസ്‌കോവ്‌സ്‌കി പോളണ്ടിനു വേണ്ടി വലകുലുക്കിയത്.
ഗോള്‍ വീണതിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡ് ആക്രമണത്തിന് ഒന്ന് കൂടി മൂര്‍ച്ചക്കൂട്ടി. ഇടയ്ക്കിടെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ലീഡുയര്‍ത്താന്‍ പോളണ്ടും ശ്രമിച്ചു.
എന്നാല്‍, 82ാം മിനിറ്റില്‍ സ്റ്റാര്‍ ഫോര്‍വേഡ് സെഹര്‍ദാന്‍ ഷാക്വിരിലൂടെ അര്‍ഹിച്ച ഗോള്‍ കണ്ടെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് മല്‍സരത്തില്‍ ഒപ്പമെത്തുകയും ചെയ്തു. മനോഹരമായ സിസര്‍ കട്ടിലൂടെയായിരുന്നു ഷാക്വിരിയുടെ ഗോള്‍.
കളിയുടെ അധികസമയത്തും ഗോളിനുള്ള നിരവധി സുവര്‍ണാവസരങ്ങളാണ് സ്വിസ് പടയ്ക്ക് ലഭിച്ചത്. എന്നാല്‍, അവസരങ്ങള്‍ പാഴാക്കിയ സ്വിസ് ഒടുവില്‍ അതിന് കനത്ത വില തന്നെ നല്‍കേണ്ടി വരികയായിരുന്നു.
Next Story

RELATED STORIES

Share it