ഷുക്കൂര്‍ വധക്കേസ് സിബിഐക്ക്

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം സിബിഐ നടത്തണമെന്ന് ഹൈക്കോടതി. കൊലപാതക ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഒഴിവാക്കിയാണ് പോലിസ് കുറ്റപത്രം നല്‍കിയതെന്നും കേസന്വേഷണത്തില്‍ അപാകതകളുണ്ടെന്നും ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹരജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്.
കേസിലെ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയ്ക്കുമെതിരേ കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കുറ്റം ചുമത്താതിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയില്‍ ജസ്റ്റിസ് ബി കെമാല്‍പാഷ അതൃപ്തി രേഖപ്പെടുത്തി. ഷുക്കൂറിന്റെ കൊലപാതക ഗൂഢാലോചന നടന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിലുണ്ടായിരുന്ന കേസിലെ 28 മുതല്‍ 31 വരെ പ്രതികള്‍ക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, പി ജയരാജനും ടി വി രാജേഷിനുമെതിരേ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ പര്യാപ്തമായ വസ്തുതകള്‍ ഉണ്ടായിട്ടും അത് ഒഴിവാക്കിയത് അന്വേഷണത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി.
ഒരു പ്രദേശത്തെ സ്വയംപ്രഖ്യാപിത രാജാക്കന്മാരുടെ ഭീഷണിമൂലം ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനത്തിനു കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയ്ക്കു മുന്നില്‍ മൂകസാക്ഷിയായി നോക്കിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജയരാജനും രാജേഷ് എംഎല്‍എക്കുമെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മറ്റു പ്രതികളുമായി വിവേചനം കാട്ടിയെന്ന് അന്തിമ റിപോര്‍ട്ടില്‍നിന്നു വ്യക്തമാണ്. കേസിലെ 28 മുതല്‍ 31 വരെ പ്രതികള്‍ക്കൊപ്പം ഇരുവരും കൊലപാതക ഗൂഢാലോചന നടന്ന തലശ്ശേരി സഹകരണ ആശുപത്രിയിലെ 350ാം മുറിയില്‍ ഉണ്ടായിരുന്നു. തുടരന്വേഷണം നടത്തുന്ന കാര്യത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ എതിര്‍പ്പും ഭീഷണിയും മൂലം സര്‍ക്കാര്‍ നിസ്സഹായത പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഷുക്കൂറിന്റെ മാതാവിന്റെ നീതിക്കുവേണ്ടിയുള്ള രോദനം കേട്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇവര്‍ക്ക് നീതി ഉറപ്പാക്കാന്‍ തുടരന്വേഷണം സിബിഐക്ക് കൈമാറേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന പോലിസിന് കേസില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫലി ബോധിപ്പിച്ചു. അന്വേഷണവേളയില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയില്‍നിന്നു ഭീഷണി നേരിടേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
കേസന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് ചോദ്യംചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹരജി കോടതി നിരസിച്ചു.
പ്രതികള്‍ക്കുമേല്‍ വിചാരണക്കോടതി കുറ്റം ചുമത്താത്തതിനാല്‍ കേസില്‍ വിചാരണ ആരംഭിച്ചതായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ ആരംഭിച്ചാല്‍ പോലും കേസില്‍ മറ്റൊരു ഏജന്‍സിയുടെ തുടരന്വേഷണം ആവശ്യമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ കേസ് സിബിഐക്ക് കൈമാറാവുന്നതാണെന്ന് ജസ്റ്റിസ് ബി കെമാല്‍പാഷ ചൂണ്ടിക്കാട്ടി. ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന സംസ്ഥാന പോലിസ് മേധാവിയുടെ തീരുമാനവും കേസ് സിബിഐക്ക് കൈമാറാനുള്ള സര്‍ക്കാര്‍ വിജ്ഞാപനവും നിയമാനുസൃതമാണെന്ന് കോടതി വിലയിരുത്തി.
Next Story

RELATED STORIES

Share it