ഷുക്കൂര്‍ വധക്കേസ് പ്രതിയും മൊഴിമാറ്റ വിവാദത്തിന് തുടക്കമിട്ടയാളും മല്‍സരത്തിന്

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയും ഈ കേസുമായി ബന്ധപ്പെട്ട് മൊഴിമാറ്റ വിവാദത്തിനു തുടക്കമിട്ടയാളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിന്. സി.പി.എമ്മിനു ഭൂരിപക്ഷമുള്ള ആന്തൂര്‍ നഗരസഭയിലേക്കാണ് ഇരുവരുടെയും അങ്കം. കേസിലെ അഞ്ചാംപ്രതി മൊറാഴ പാന്തോട്ടത്തെ കെ പ്രകാശന്‍ (33) പണ്ണേരി വാര്‍ഡില്‍നിന്നും മൊഴിമാറ്റ വിവാദത്തിലൂടെ ശ്രദ്ധേയനായ കെ പി നന്ദനന്‍ കാനൂല്‍ വാര്‍ഡില്‍നിന്നുമാണ് ജനവിധി തേടുന്നത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനുള്ള തീരുമാനം സി.പി.എം. പിന്‍വലിച്ചിരുന്നു. എം.എസ്.എഫ്. നേതാവായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കീഴറ വള്ളുവന്‍കടവില്‍വച്ചു കൊല്ലപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രകാശന്‍ 2012 സപ്തംബറില്‍ കണ്ണൂര്‍ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. പിന്നീടു ജാമ്യത്തിലിറങ്ങി. അതേസമയം, കൃത്യം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റത്തിന് 118ാം വകുപ്പു പ്രകാരം സി.പി.എം. ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എം.എല്‍.എയെയും കേസില്‍ പ്രതിചേര്‍ത്തത് തളിപ്പറമ്പിലെ ലീഗ് പ്രവര്‍ത്തകരായ പുതിയപുരില്‍ മുഹമ്മദ് സാബിര്‍, പി പി അബു എന്നിവരുടെ മൊഴിപ്രകാരമായിരുന്നു. എന്നാല്‍, സംഭവമറിഞ്ഞിട്ടും തടയാന്‍ ശ്രമിക്കാത്തതിനാല്‍ സാബിറിനെയും അബുവിനെയും ഇതേവകുപ്പു പ്രകാരം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇപ്പോള്‍ മല്‍സരരംഗത്തുള്ള സി.പി.എം. നേതാവ് മൊറാഴ സ്വദേശി കെ പി നന്ദനാണ്.
Next Story

RELATED STORIES

Share it