ഷീന ഷുക്കൂറിന്റെ ദുബയ് യാത്ര അന്വേഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: എം.ജി. സര്‍വകലാശാലാ പ്രോ-വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിന്റെ വിവാദമായ ഗള്‍ഫ് യാത്രയെക്കുറിച്ചും ലീഗ് അനുകൂല പ്രസംഗം നടത്തിയതിനെക്കുറിച്ചും അന്വേഷിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉത്തരവിട്ടു. എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനാണ് അന്വേഷണച്ചുമതല.
യാത്ര സംബന്ധിച്ച് ഷീന ഷുക്കൂര്‍ സര്‍ക്കാരിനെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചോ എന്നും പ്രോ-വൈസ് ചാന്‍സലര്‍ വിദേശത്തേക്ക് പോവുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണേ്ടാ എന്നും പരിശോധിക്കും. സര്‍വകലാശാലയുടെ നിര്‍ണായക സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍ യോഗങ്ങള്‍ ഒഴിവാക്കിയാണ് മുസ്‌ലിംലീഗിന്റെ ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള സംഘടനയായ കെ.എം.സി.സി. ചെറുവത്തൂര്‍ ഘടകം ദുബയില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പങ്കെടുത്തത്. ഇത് ഗൗരവമാണെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. സുപ്രധാന യോഗങ്ങള്‍ ഒഴിവാക്കി പങ്കെടുക്കാന്‍തക്ക പ്രാധാന്യമുള്ള പരിപാടിയാണോ വിദേശത്ത് നടന്നതെന്ന കാര്യവും അന്വേഷണപരിധിയില്‍ വരും.
മെയ് 22നായിരുന്നു പരിപാടി. യോഗത്തില്‍ നടത്തിയ പ്രസംഗത്തിലുടനീളം മുസ്‌ലിംലീഗിനെ പി.വി.സി. പ്രശംസിച്ചതാണ് വിവാദമായത്. തനിക്കും ഭര്‍ത്താവിനും ലഭിച്ച എല്ലാ സ്ഥാനമാനങ്ങളും ലീഗിന്റെ പച്ചപ്പതാകയുടെ തണലിലാണെന്നായിരുന്നു ഷീന ഷുക്കൂറിന്റെ പരാമര്‍ശം. അക്കാദമിക് കൗണ്‍സിലും സിന്‍ഡിക്കേറ്റ് യോഗവും ഒഴിവാക്കിയാണ് താന്‍ ചടങ്ങിനെത്തിയതെന്നും പ്രസംഗിച്ചിരുന്നു. സംഭവം വിവാദമായതോടെ എം.ജി. വി.സി. ഷീന ഷുക്കൂറിനോട് വിശദീകരണം തേടിയിരുന്നു.
Next Story

RELATED STORIES

Share it