ഷീന ബോറ കേസ്: പോലിസിനെതിരേ അന്വേഷണത്തിന് ഉത്തരവ്

മുംബൈ: ഷീന ബോറ വധക്കേസില്‍ 2012ല്‍ റയ്ഗാദ് പോലിസ് കള്ളക്കളി നടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അതുസംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാ ന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാന ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഷീന ബോറയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ എന്തുകൊണ്ട് പ്രാഥമിക അന്വേഷണ റിപോര്‍ട്ട് (എഫ്‌ഐആര്‍) ഫയല്‍ ചെയ്തില്ലെന്ന് സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്.
2012ല്‍ റയ്ഗാദ് പോലിസിനെതിരേ സ്വീകരിച്ച നടപടി സംബന്ധിച്ച് മുന്‍ ഡിജിപി സഞ്ജീവ് ദയാല്‍ സമര്‍പ്പിച്ച ഒരുപേജ് വരുന്ന റിപോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച സര്‍ക്കാര്‍ പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സഞ്ജീവ് ദയാലിന്റെ റിപോര്‍ട്ടില്‍ സര്‍ക്കാരിനു തൃപ്തിയില്ലെന്നും മുതിര്‍ന്ന പോലിസുദ്യോഗസ്ഥനെതിരേ നടപടിയെടുക്കുന്നതിന് അനുബന്ധ രേഖകള്‍ ആവശ്യമാണെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) കെ പി ബക്ഷി പറഞ്ഞു. ഇപ്പോഴത്തെ ഡിജിപി ദീക്ഷിതിനെ ഇതിനായി ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കേസന്വേഷണം വൈകിപ്പിച്ചുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു.
അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പീറ്റര്‍ മുഖര്‍ജിയെ ചോദ്യം ചെയ്യുന്നത് സിബിഐ ഇന്നലെയും തുടര്‍ന്നു. തിങ്കളാഴ്ചവരെയാണ് പീറ്ററെ കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടത്.എന്നാല്‍, ഷീന ബോറ വധക്കേസില്‍ തന്റെ പിതാവിനെതിരേ പോലിസ് കുറ്റം ചുമത്തിയത് അന്യായമാണെന്ന് പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുഖര്‍ജി. ദക്ഷിണ മുംബൈയിലെ സിബിഐ ഓഫിസില്‍ നിന്നു പുറത്തിറങ്ങിയ ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി സിബിഐ ഓഫിസിലാണ് രാഹുല്‍ ചെലവഴിച്ചത്.
കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയെ വ്യാഴാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കൊലപാതകമടക്കമുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ഷീന ബോറയെ കൊലപ്പെടുത്താന്‍ പീറ്റര്‍ ഗൂഢാലോചന നടത്തിയെന്നും ഇന്ദ്രാണിയെ രക്ഷിക്കാന്‍ നുണ പറഞ്ഞുവെന്നുമാണ് സിബിഐ ആരോപിക്കുന്നത്. പീറ്റര്‍, വസ്തുതകള്‍ മറച്ചുപിടിച്ച് രാഹുലിനെ തെറ്റിധരിപ്പിച്ചുവെന്നും സിബിഐ പറയുന്നു.
പീറ്ററിനെ അറസ്റ്റ് ചെയ്തത് തന്നില്‍ നടുക്കമുണ്ടാക്കി എന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. ഷീനയുടെ കൊലപാതകത്തെക്കുറിച്ച് പീറ്ററിന് എന്തെങ്കിലും അറിയാമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. രാഹുലുമായി ഷീനയ്ക്ക് അടുപ്പുണ്ടായിരുന്നു. ഇവര്‍ വിവാഹിതരായാല്‍ ഇന്ദ്രാണിയുടെയും ഭര്‍ത്താവിന്റെയും സ്വത്തുക്കളുടെ അവകാശികള്‍ ഇവരാവുമെന്ന ഭയം മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
Next Story

RELATED STORIES

Share it