ഷീന ബോറ കേസ്: ഡ്രൈവറെ മാപ്പുസാക്ഷിയാക്കാമെന്ന് സിബിഐ

മുംബൈ: ഷീന ബോറ കൊലക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംകുമാര്‍ റായിയുടെ കുറ്റസമ്മതത്തെ എതിര്‍ക്കില്ലെന്ന് സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. കേസില്‍ മാപ്പുസാക്ഷിയാവാനുള്ള റായിയുടെ ആഗ്രഹത്തെക്കുറിച്ചു മറുപടി അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കഴിഞ്ഞ മാസം 17ന് സിബിഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കവിതാ പാട്ടീല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ഇന്നലെയാണ് സിബിഐ റായിയെ മാപ്പുസാക്ഷിയാക്കാമെന്ന് കോടതിയെ അറിയിച്ചത്.
കേസിലെ എല്ലാ സത്യങ്ങളും വെളിപ്പെടുത്താമെന്നും 2012ല്‍ ഷീന ബോറയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ പങ്കാളിയായിരുന്നെന്നും മാപ്പുസാക്ഷിയാവാന്‍ തയ്യാറാണെന്നും കഴിഞ്ഞ മാസം 11നാണ് റായി കോടതിയെ അറിയിച്ചത്.
സമ്മര്‍ദ്ദങ്ങള്‍ക്കോ നിര്‍ബന്ധങ്ങള്‍ക്കോ വഴങ്ങിയല്ല മാപ്പുസാക്ഷിയാവുന്നതെന്നും ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ആയുധം കൈവശംവെച്ച കേസില്‍ 2015ല്‍ റായിയെ പോലിസ് അറസ്റ്റ് ചെയ്തതോടെയാണ് കേസ് ആദ്യമായി പുറത്തുവന്നത്. ഇന്ദ്രാണി മുഖര്‍ജിയും അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും റായിയും ചേര്‍ന്ന് 2012 ഏപ്രിലില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ബന്ധത്തിലുള്ള ഷീന ബോറയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it