ഷിബിന്‍ വധക്കേസ് വിധി: പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമര്‍ഷം; നാദാപുരത്ത് ആശങ്ക

വടകര: നാദാപുരം തൂണേരിയില്‍ ഒന്നര വര്‍ഷം മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ വെട്ടേറ്റുമരിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിചാരണ കോടതി ഉത്തരവ് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു. ലീഗ് പ്രവര്‍ത്തകരായ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് പാര്‍ട്ടി ജില്ലാ നേതൃത്വത്തെയും പ്രതിരോധത്തിലാക്കി.
ഏറെ കോളിളക്കമുണ്ടാക്കിയ ഷബിന്‍ വധക്കേസ് ശരിയായി നടത്തുന്നതില്‍ സിപിഎമ്മിനു വീഴ്ച പറ്റിയതായി പല കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇന്നലെ കോടതിവിധി വന്നയുടന്‍ സിപിഎം അനുഭാവികളുടെ അമര്‍ഷം അണപൊട്ടി. പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കും വിധമാണ് സാമൂഹിക മാധ്യമങ്ങളില്‍ സിപിഎം അണികളുടെ പ്രതികരണം.
2015 ജനുവരി 22നാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതാക്കളടക്കം 18 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ശേഷിക്കുന്ന 17 പേരെയാണ് കോടതി വെറുതെവിട്ടത്. കേസിന്റെ തുടക്കത്തില്‍ തന്നെ പ്രതികള്‍ക്ക് അനുകൂലമായി പ്രോസിക്യൂഷന്‍ വാദത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി ആരോപണമുയര്‍ന്നിരുന്നു. കേസിലെ മുഖ്യപ്രതികള്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചതും വിവാദമായി. ഷിബിന്‍ വധത്തോടനുബന്ധിച്ച് വ്യാപകമായ അക്രമസംഭവങ്ങളാണ് തൂണേരിയില്‍ അരങ്ങേറിയത്. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ നിരവധി വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുകയും വ്യാപകമായ തോതില്‍ കൊള്ളയും മോഷണവും അരങ്ങേറുകയും ചെയ്തു. ഗൃഹനാഥന്മാരില്ലാത്ത വീടുകളില്‍ അതിക്രമിച്ചു കയറി അക്രമിസംഘം വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും മറ്റും തീയിട്ടു നശിപ്പിക്കുകയായിരുന്നു. കോടികളുടെ നാശനഷ്ടമാണ് ഇതുവഴി ഉണ്ടായത്.
കൊല്ലപ്പെട്ട ഷിബിന്റെ കുടുംബത്തിന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി.
അതേസമയം വീടാക്രമിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും സിപിഎം-ലീഗ് സംഘര്‍ഷം ഉടലെടുക്കുന്ന പ്രദേശമാണ് തൂണേരി. ഷിബിന്‍ വധക്കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ടത് പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്. എന്നാല്‍, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലിസ് ജാഗ്രതയിലാണ്. ഷിബിന്‍ കേസില്‍ പ്രതികളെ വെറുതെവിട്ട മാറാട് പ്രത്യേക കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു. വിധിയില്‍ കടുത്ത നിരാശയുണ്ടെന്നും ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്നുമായിരുന്നു ഷിബിന്റെ പിതാവിന്റെയും ബന്ധുക്കളുടെയും പ്രതികരണം.
Next Story

RELATED STORIES

Share it