ഷിബിന്‍ വധക്കേസ്: ദൃക്‌സാക്ഷി വിസ്താരം നാളെ തുടങ്ങും

കോഴിക്കോട്—: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ വധിക്കപ്പെട്ട കേസില്‍ ദൃക്‌സാക്ഷികളുടെ സാക്ഷിവിസ്താരം നാളെ തുടങ്ങും. ഷിബിനിനെ ആക്രമിക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവരുമായ സാക്ഷികളെയാണ് എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതി (മാറാട് പ്രത്യേക കോടതി)യില്‍ നാളെ വിസ്തരിക്കുക. ഒന്നാം സാക്ഷിയുടെയും ഷിബിനിനൊപ്പം അക്രമത്തിനിരയായി പരിക്കേറ്റ സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായ സാഹചര്യത്തിലാണ് എട്ട് മുതല്‍ പതിനാല് വരെയുള്ള ദൃക്‌സാക്ഷികളെ വിചാരണക്കോടതിയില്‍ വിസ്തരിക്കുന്നത്.
ഒന്നാം സാക്ഷി കുമാരന്‍, രണ്ടാം സാക്ഷി അഖില്‍, മൂന്നാം സാക്ഷി രഖില്‍, നാലാം സാക്ഷി ലിനീഷ്, അഞ്ചാം സാക്ഷി വിജീഷ്, ആറാം സാക്ഷി അനീഷ്, ഏഴാം സാക്ഷി രജീഷ് എന്നിവരുടെ പ്രോസിക്യൂഷന്‍-പ്രതിഭാഗ വിസ്താരമാണ് കേസില്‍ ഇതിനകം പൂര്‍ത്തിയായത്. ആകെ 120 സാക്ഷികളുള്ള കേസിന്റെ വിചാരണയ്ക്ക് ഏപ്രില്‍ 15 വരെയാണ് കോടതി സമയമനുവദിച്ചിട്ടുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ വിശ്വന്‍, അഡ്വ. ബിനുമോന്‍ സെബാസ്റ്റിയന്‍, അഡ്വ. ഡി അരുണ്‍ബോസ് എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി കെ ശ്രീധരന്‍, ജോസ് എന്നിവരുമാണ് കോടതിയില്‍ ഹാജരാവുന്നത്.
Next Story

RELATED STORIES

Share it