ഷിംലയെ ശ്യാംലയാക്കണമെന്ന് വിഎച്ച്പി

ഷിംല: ഹരിയാനയിലെ ഗുഡ്ഗാവിന്റെയും മേവാത്തിന്റെയും പേര് മാറ്റിയതിനു പിന്നാലെ ഹിമാചല്‍പ്രദേശിലും സമാന ആവശ്യം. തലസ്ഥാനമായ ഷിംലയെ ശ്യാംലയെന്നു വിളിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഓര്‍ഗനൈസിങ് സെക്രട്ടറി മനോജ്കുമാര്‍ ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്തിനെ കണ്ടു. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഗവര്‍ണറോട് മനോജ്കുമാര്‍ ആവശ്യപ്പെട്ടു. ബ്രിട്ടിഷ് ഭരണകാലത്ത് വേനല്‍കാല തലസ്ഥാനമായിരുന്നു ഷിംല. സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര കേന്ദ്രമായ ദല്‍ഹൗസിയുടെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് എന്നും ബ്രിട്ടിഷ് ഭരണത്തില്‍ വൈസ്രോയിമാരും ഗവര്‍ണര്‍ ജനറല്‍മാരും താമസിച്ചിരുന്ന ഷിംലയിലെ പീറ്റര്‍ഹോഫ് മന്ദിരത്തിന്റെ പേര് വാല്മീകി സദന്‍ എന്നുമാക്കണമെന്ന് നേരത്തെ വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഎച്ച്പി വിഷയം ഉന്നയിക്കുന്നതെന്നും മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യം അവര്‍ ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിങ് ചോദിച്ചു. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് വിഎച്ച്പി ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേര് ഏതെങ്കിലും സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ മാറ്റാനാവില്ലെന്ന് ഷിംല മേയര്‍ സഞ്ജയ് ചൗഹാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it