ഷാര്‍ജ പുസ്തകമേള സമാപിച്ചു

ഷാര്‍ജ: ലോകത്തിലെ നാലാമത്തെ വലിയ പുസ്തക പ്രദര്‍ശനമായ ഷാര്‍ജ രാജ്യാന്തര പുസ്തകമേള ഇന്നലെ സമാപിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ആദ്യദിനം മുതല്‍ വന്‍ തിരക്കായിരുന്നു. 11 ദിവസം നീണ്ട മേളയില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരാണു സജീവമായത്. 12 ലക്ഷം പുസ്തകപ്രേമികള്‍ മേളയിലെത്തിയെന്നു കരുതുന്നു.
പുസ്തകമേളയുടെ വിജയം രാജ്യത്തിന് അഭിമാനകരമാണന്ന് ഷാര്‍ജ ബുക്‌സ് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അമീരി പറഞ്ഞു. 64 രാജ്യങ്ങളില്‍ നിന്ന് 1547 പ്രസാധകരാണ് മേളയില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നു മാത്രം തേജസ് ഉള്‍പ്പെടെ 120 പ്രസാധകരും.
ഇന്ത്യയില്‍ നിന്ന് ദര്‍ജോയ് ദത്ത, സുബ്രതോ ബാഗച്ചി, വൈരമുത്തു, സുധ മൂര്‍ത്തി, റുജുത ദിവാകര്‍ എന്നിവരും കേരളത്തില്‍ നിന്ന് പൃഥിരാജ്, പാര്‍വതി, ആര്‍ എസ് വിമല്‍, പി പി റഷീദ്, ഡോ. വി പി ഗംഗാധരന്‍, ടി ഡി രാമകൃഷ്ണന്‍, ഡോ. ചിത്രതാര, എന്‍ എസ് മാധവന്‍, ബാലചന്ദ്രമേനോന്‍, ഷെമി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഡോ. ടി ബാബു പോള്‍, മുരുകന്‍ കാട്ടാക്കട, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ ആര്‍ ടോണി തുടങ്ങിയ പ്രമുഖരുടെ നിര തന്നെ മേളയോടനുബന്ധിച്ചുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രമുഖ സാഹിത്യകാരന്മാരുടെ ചടങ്ങുകളില്‍ യുഎഇയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി പുസ്തകങ്ങള്‍ വില്‍പന നടന്നതായി തേജസ് സ്റ്റാള്‍ പ്രതിനിധി റിയാസ് മാഹി പറഞ്ഞു.
Next Story

RELATED STORIES

Share it