ശ്രുതിയുടെ പഠനച്ചെലവിന് നാലുലക്ഷം നല്‍കും

തിരുവനന്തപുരം/കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ കാസര്‍കോട് ആദൂര്‍ സ്വദേശി ശ്രുതിയുടെ ഹോമിയോ മെഡിക്കല്‍ പഠനത്തിനായി നാലുലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ മെഡിക്ക ല്‍ പ്രവേശന പരീക്ഷയില്‍ മികച്ച റാങ്ക് നേടിയാണ് ശ്രുതി കര്‍ണാടക ഹോമിയോ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്. കൈക്കും കാലിനും ശേഷിക്കുറവുള്ള ശ്രുതിക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജ് പ്രകാരമുള്ള ധനസഹായം നല്‍കിയിരുന്നതായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത എല്ലാ സഹായവും നല്‍കിയിരുന്നു. 11 പഞ്ചായത്തുകളാണ് ആദ്യം തിരഞ്ഞെടുത്തിരുന്നതെങ്കിലും പിന്നീട് രോഗബാധിതരായ മുഴുവന്‍ പേരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. രോഗികളെ കണ്ടെത്താനായി എല്ലാവര്‍ഷവും പ്രത്യേക ക്യാംപുകളും നടത്തിയിരുന്നു. അര്‍ഹരായ എല്ലാവര്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് പ്രദേശവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നവര്‍ പാക്കേജില്‍ ഉള്‍പ്പെടാതെ പോയതാണോയെന്ന് പരിശോധിക്കും. കാസര്‍കോട് കലക്ടറുള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം സംസാരിക്കും. കോടതിവിധിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഹോമിയോപ്പതി മെഡിസിന്‍ പൂര്‍ത്തിയാക്കണമെന്നത് തന്റെ ജീവിതാഭിലാഷമാണെന്നും സ ര്‍ക്കാര്‍ തുക അനുവദിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ശ്രുതി തേജസിനോട് പറഞ്ഞു. തന്റെയും പ്രിന്‍സിപ്പലിന്റെയും ജോയിന്റ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാല്‍ മതിയെന്നും ശ്രുതി പറഞ്ഞു.
അരിവാള്‍ രോഗം ബാധിച്ച ആദിവാസികള്‍ക്ക് നല്‍കിവരുന്ന 2,000 രൂപ പെന്‍ഷന്‍ ആനുകൂല്യം എല്ലാ വിഭാഗക്കാര്‍ക്കും ലഭ്യമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
വയനാട്ടിലെ ആദിവാസികളല്ലാത്തവര്‍ക്കും അരിവാള്‍ രോഗം ബാധിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ഇത്തരത്തില്‍ രണ്ടായിരത്തില്‍ താഴെയാളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് ഏകദേശ കണക്ക്.
Next Story

RELATED STORIES

Share it