malappuram local

ശ്രീരാമകൃഷ്ണന്‍ എംഎല്‍എക്കെതിരേ പൊന്നാനിയില്‍ പോസ്റ്ററുകള്‍

പൊന്നാനി: സിപിഎമ്മില്‍ വിഭാഗീയതയ്ക്ക് കൂട്ടുനിന്ന എംഎല്‍എ ശ്രീരാമകൃഷ്ണനെതിരേ മാറഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മാറഞ്ചേരിയിലെ സഖാക്കള്‍ എന്ന പേരിലാണു പോസ്റ്ററുകള്‍. പൊന്നാനിയില്‍ ഇത്തവണ സ്ഥാനാര്‍ഥിയാവുന്ന ശ്രീരാമകൃഷ്ണനെതിരേ പോസ്റ്ററുകള്‍ വ്യാപകമായത് ജില്ലാ കമ്മിറ്റിയെ ഞെട്ടിച്ചിരിക്കുകയാണ്.
വിഭാഗിയതയ്ക്ക് കൂട്ടുനിന്ന ശ്രീരാമകൃഷണനെ പൊന്നാനിക്ക് വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാറഞ്ചേരി പനമ്പാട് ബ്ലോക്കില്‍ നിന്നു വിജയിച്ച സിപിഎം പൊന്നാനി ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ഏരിയാ സെക്രട്ടറിയുമായ വിജയനെ തഴഞ്ഞ് സീനിയോറിറ്റി പരിഗണിക്കാതെ വെളിയങ്കോട് ലോക്കല്‍ കമ്മിറ്റി അംഗം മാത്രമായ ആറ്റുണ്ണിത്തങ്ങളെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാക്കിയതാണ് വിഭാഗിയതയ്ക്ക് കാരണം. എല്ലാ മാനദണ്ഡങ്ങളും മറികടന്നാണ് വിജയനെ തഴഞ്ഞ് പുതുമുഖമായ ആറ്റുണ്ണിത്തങ്ങളെ ബ്ലോക്ക് പ്രസിഡന്റാക്കിയത്. എംഎല്‍എയുടെ ഇടപെടലാണ് ഇതിന്റെ പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് അന്നു തന്നെ വിജയന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പരാതി നല്‍കുകയും ചെയ്തു. ബ്ലോക്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എരിയാ കമ്മിറ്റി അംഗമായ വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കെയാണു ലോക്കല്‍ കമ്മിറ്റി അംഗമായ മറ്റൊരാളെ ബ്ലോക്ക് പ്രസിഡന്റാക്കിയത്. ഇത് അച്ചടക്കലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയന്‍ എംഎല്‍എക്കെതിരേ പാര്‍ട്ടി സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മാറഞ്ചേരിയുടെ വിവിധ ഭാഗങ്ങളില്‍ ശ്രീരാമകൃഷ്ണനെതിരേ ഉയര്‍ന്ന പോസ്റ്ററുകള്‍. എരമംഗലത്തെ ഒരു ഏരിയാ കമ്മിറ്റി അംഗവും ശ്രീരാമകൃഷ്ണന്‍ ഡിവൈഎഫ്‌ഐ ഭാരവാഹിയായിരിക്കുമ്പോള്‍ കൂടെ പ്രവര്‍ത്തിച്ച നേതാക്കന്മാരുമാണ് എംഎല്‍എയുടെ കോക്കസായി പ്രവര്‍ത്തിക്കുന്നത്.
ഇതിനെതിരേ നേരത്തേയും പാര്‍ട്ടിക്കകത്ത് ശബ്ദമുയര്‍ന്നിരുന്നു. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള പഞ്ചായത്താണ് മാറഞ്ചേരി. 2002ല്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ അന്നത്തെ ഡിവൈഎഫ്‌ഐ മുതിര്‍ന്ന നേതാവായ ശ്രീരാമകൃഷ്ണന്‍ സീനിയോറിറ്റി പരിഗണിക്കാതെ ആറ്റുണ്ണിത്തങ്ങളെ ഡിൈവഎഫ്‌ഐ ജില്ലാ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. വിജയനെ ബ്ലോക്ക് പ്രസിഡന്റ്ാക്കാതെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കിയപ്പോള്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4011 വോട്ടുകള്‍ക്ക് ജയിച്ച ശ്രീരാമകൃഷ്ണന് ഇപ്പോള്‍ ഉയര്‍ന്ന് വന്ന വിഭാഗീയത ഏറെ ക്ഷീണം ചെയ്യും.
Next Story

RELATED STORIES

Share it