ശ്രീനാരായണ ഗുരുവിന്റെ ഡോക്യുമെന്ററിയും ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളഹൗസില്‍ പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററികളില്‍ ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ഡോക്യുമെന്ററി ഉള്‍പ്പെടുത്തി. നേരത്തേ, ഗുരുവിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതോടെ ഡോക്യുമെന്ററിയില്‍ ശ്രീനാരായണ ഗുരുവിനെയും ഉള്‍പ്പെടുത്താന്‍ സാംസ്‌കാരികമന്ത്രി കെ സി ജോസഫ് ഡല്‍ഹിയിലെ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.

സംസ്ഥാനത്തെ പ്രധാന നവോത്ഥാന നായകരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്നു മുതല്‍ ഏഴുവരെ കേരളഹൗസില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുന്നത്. കേരളത്തിന് പുറത്തു നടത്തുന്ന ഇത്തരം പ്രദര്‍ശനങ്ങളില്‍ സാധാരണഗതിയില്‍ ആദ്യം പ്രദര്‍ശിപ്പിക്കാറുള്ളത് ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. ഗുരുവിനെ കൂടാതെ വയലാര്‍, ചട്ടമ്പിസ്വാമി, അയ്യങ്കാളി, പി എന്‍ പണിക്കര്‍, സഹോദരന്‍ അയ്യപ്പന്‍, എസ് കെ പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളപ്പിറവിയുടെ ഭാഗമായി ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്ഥാനത്തെ നവോത്ഥാന നായകരെ പരിചയപ്പെടുത്തി ഡോക്യുമെന്ററിമേളകള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
Next Story

RELATED STORIES

Share it