ശ്രീനഗര്‍ എന്‍ഐടി സംഘര്‍ഷം: അന്വേഷണത്തിന് ഉത്തരവിട്ടു

ശ്രീനഗര്‍: ട്വന്റി ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തില്‍ കഴിഞ്ഞയാഴ്ച വെസ്റ്റിന്‍ഡീസിനോട് ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീനഗര്‍ എന്‍ഐടി കാംപസിലുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തെ കുറിച്ചന്വേഷിക്കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 15 ദിവസത്തിനകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രീനഗര്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയതായി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് അറിയിച്ചു. പ്രശ്‌നം ഉടനെ പരിഹരിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ വ്യക്തിപരവും പഠനസംബന്ധവുമായ സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ മൂന്നാംദിവസവും കാംപസില്‍ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കി. എന്‍ഐടി കശ്മീരില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിനു പുറത്തുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളാണ് കാംപസിനകത്ത് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ വിദ്യാര്‍ഥിനികള്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മുഴക്കി. വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ചില അധ്യാപകരുടെ രാജിയും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ ആരോപണം അധ്യാപകര്‍ നിഷേധിച്ചു. കഴിഞ്ഞദിവസം കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥസംഘം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കാംപസിലെത്തിയിരുന്നു. ആവശ്യമുള്ളവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാനുള്ള അവസരം നല്‍കാമെന്ന് കേന്ദ്രസംഘം സമ്മതിച്ചു. അടുത്ത ആഴ്ച ആരംഭിക്കുന്ന പരീക്ഷ തീരുന്നതുവരെ കാംപസില്‍ തങ്ങാനാണ് കേന്ദ്രസംഘത്തിന്റെ തീരുമാനം.
അതിനിടെ കശ്മീരികളല്ലാത്ത വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു നടന്ന ജമ്മു ബന്ദ് ജനജീവിതത്തെ ബാധിച്ചു. ജമ്മുകശ്മീരില്‍ നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി, ജമ്മു പ്രൊവിന്‍സ് പീപ്പിള്‍സ് ഫോറം, ശ്രീരാം സേന, ചില വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ബന്ദ് നടന്നത്.
Next Story

RELATED STORIES

Share it