ശ്രീനഗര്‍ എന്‍ഐടി: വിദ്യാര്‍ഥി ആവശ്യങ്ങള്‍ക്ക് അംഗീകാരം

ന്യൂഡല്‍ഹി: ശ്രീനഗര്‍ എന്‍ഐടിയില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ ഉന്നയിച്ച മിക്ക ആവശ്യങ്ങളും അധികൃതര്‍ അംഗീകരിച്ചു. എന്നാല്‍, കാംപസില്‍ പ്രധാനമന്ത്രിയോ മാനവശേഷി വികസനമന്ത്രി സമൃതി ഇറാനിയോ ദേശീയപതാക ഉയര്‍ത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അധികൃതര്‍ തള്ളി. ഡയറക്ടര്‍ രജത്ഗുപ്ത, മാനവവിഭവ വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍, എന്‍ഐടി ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച മിനുട്‌സിലാണ് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച വിവരമുള്ളത്.
കഴിഞ്ഞ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാംപസിനു പുറത്തുള്ളവരെക്കൊണ്ടു പരിശോധിപ്പിക്കും. കാംപസിനകത്ത് വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പുറത്തുനിന്നുള്ള രണ്ടംഗങ്ങളടങ്ങിയ സമിതി അന്വേഷിച്ച് മെയ് 15നു മുമ്പ് റിപോര്‍ട്ട് സമര്‍പ്പിക്കും. സമിതി സമര്‍പ്പിക്കുന്ന റിപോര്‍ട്ടനുസരിച്ച് നടപടിയെടുക്കുമെന്നും സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ രൂപീകരിക്കുമെന്നും ഭരണസമിതി യോഗത്തില്‍ ഉറപ്പുനല്‍കി.
നാലുമാസത്തിനകം കാംപസിനകത്ത് വൈദ്യസഹായ സൗകര്യം ഏര്‍പ്പെടുത്താനും ആറുമാസത്തിനകം 80 മുറികളുള്ള ഹോസ്റ്റലിന്റെയും 15 ക്ലാസ് മുറികളുടെയും നിര്‍മാണം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. വെസ്റ്റ് ഇന്‍ഡീസുമായുള്ള ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ഈ മാസം ഒന്നിന് കാംപസില്‍ കശ്മീരി വിദ്യാര്‍ഥികളും സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നീട് കശ്മീരികളല്ലാത്ത വിദ്യാര്‍ഥികള്‍ പോലിസുമായി ഏറ്റുമുട്ടി.
Next Story

RELATED STORIES

Share it