ശ്രീനഗര്‍ എന്‍ഐടി: അനുപം ഖേറിനെ തടഞ്ഞു

ശ്രീനഗര്‍: ശ്രീനഗര്‍ എന്‍ഐടി സന്ദര്‍ശിക്കാനെത്തിയ ബോളിവുഡ് താരം അനുപം ഖേറിനെ ജമ്മുകശ്മീര്‍ പോലിസ് വിമാനത്താവളത്തില്‍ തടഞ്ഞു. കാശ്മീരിനു പുറത്തുള്ള വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിനു പിന്തുണ നല്‍കാന്‍ ഇന്നലെ രാവിലെ വിമാനത്താവളത്തിലെത്തിയ അനുപം ഖേറിനെ ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്നാണു തടഞ്ഞുവച്ചതെന്ന് പോലിസ് അറിയിച്ചു. താന്‍ എന്‍ഐടിയില്‍ പോവാന്‍ ഉദ്ദേശിച്ചത് അവിടെ കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയല്ല, വിദ്യാര്‍ഥികളെ കാണുന്നതിനു വേണ്ടിയാണ്. ശ്രീനഗര്‍ നഗരത്തിലും മധ്യ കശ്മീരിലെ തന്റെ കുടുംബ ക്ഷേത്രമായ മീര്‍ ഭവാനി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനും പോലിസ് അനുവദിച്ചില്ലെന്ന് ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പല ആവശ്യങ്ങളും അധികൃതര്‍ അനുവദിച്ചതോടെ എന്‍ഐടിയില്‍ സമാധാന അന്തരീക്ഷം നിലവില്‍ വന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെയും എന്‍ഐടി ഗവേണിങ് ബോര്‍ഡിന്റെയും മുമ്പില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവയും നടപ്പാക്കാനുള്ള ഉത്തരവു നല്‍കിയതായി രജിസ്ട്രാര്‍ ഫയാസ് അഹ്മദ് മീര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
എന്നാല്‍, എന്‍ഐടി കശ്മീരിനു പുറത്തേക്കു മാറ്റിസ്ഥാപിക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം അധികൃതര്‍ തള്ളി. കോളജ് കാംപസില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ സഞ്ചാര നിയന്ത്രണം നീക്കാനും ഉല്‍സവാഘോഷ ചടങ്ങുകള്‍ അനുവദിക്കാനും അധികൃതര്‍ തയ്യാറായി. പ്രശ്‌നം ഇന്നുചേരുന്ന ഗവേണിങ് ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പരിഹാര നടപടികള്‍ നടപ്പാക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it