ശ്രീധരന്‍ നായര്‍ ഉള്‍പ്പെടെ കൂടുതല്‍ നേതാക്കള്‍ ആര്‍എസ്പി എല്ലില്‍

തിരുവനന്തപുരം: മുതിര്‍ന്ന ആര്‍എസ്പി നേതാവും ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ അമ്പലത്തറ ശ്രീധരന്‍ നായര്‍ ഉള്‍പ്പെടെ കൂടുതല്‍ നേതാക്കള്‍ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍എസ്പി എല്ലില്‍ ചേര്‍ന്നു. നേതൃത്വത്തിന്റെ നിലപാടുകളില്‍ അസംതൃപ്തിയുള്ളതിനാലാണ് രാജി വയ്ക്കുന്നതെന്ന് അമ്പലത്തറ ശ്രീധരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍എസ്പിയുടെ യുവജനവിഭാഗമായ ആര്‍വൈഎഫിന്റെ സംസ്ഥാന പ്രസിഡന്റ് പൂവച്ചല്‍ നാസര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും പുതിയ പാര്‍ട്ടിക്ക് ഒപ്പമുണ്ടാവുമെന്ന് പൂവച്ചല്‍ നാസര്‍ പറഞ്ഞു.
ആഎസ്പിയുടെ ദേശീയ സമ്മേളനത്തില്‍ ഇടതുപക്ഷത്തേക്ക് മടങ്ങണമെന്ന് പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ പ്രമേയം സമ്മേളനത്തില്‍ വിജയിക്കുമെന്ന് കണ്ടപ്പോള്‍ പ്രത്യേക പ്ലീനം വിളിക്കുമെന്ന് പ്രഖ്യാപിച്ച് ജനറല്‍ സെക്രട്ടറി രക്ഷപ്പെടുകയായിരുന്നു. പ്രമേയം അവതരിപ്പിച്ച രണ്ട് ആര്‍വൈഎഫ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാതെയായിരുന്നു പുറത്താക്കല്‍. പാര്‍ട്ടിയില്‍ ഷിബുവും അസീസും പ്രേമചന്ദ്രനും ചേര്‍ന്നുള്ള കോര്‍പറേറ്റ് ഭരണമാണ് നടക്കുന്നതെന്ന് ഇരുവരും കുറ്റപ്പെടുത്തി.
കോവൂര്‍ കുഞ്ഞുമോന് എതിരേയുള്ള ആരോപണങ്ങള്‍ കളവാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അദ്ദേഹം വോട്ട് ചെയ്‌തെങ്കില്‍ അതു പാര്‍ട്ടി പറഞ്ഞിട്ടാവും. പാര്‍ട്ടി പറയുന്നതിനപ്പുറം ചെയ്യുന്ന ആളല്ല കോവൂരെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ജില്ലയില്‍ ഭൂരിഭാഗം ആര്‍എസ്പിക്കാരും തങ്ങള്‍ക്കൊപ്പമാവുമെന്നും രാജിവച്ചവര്‍ അവകാശപ്പെട്ടു. ആര്‍വൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബെന്നി ചെറിയാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി ദിലീപ്ഖാന്‍, ഇടമനശ്ശേരി സന്തോഷ്, എസ് ജഗദീഷ്, എം എ ഷാജി, കബീര്‍ പൂവാര്‍, ജെ അരുണ്‍ കാട്ടാക്കട, ജയരാജന്‍ വര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it