Articles

ശ്രീകോവിലിലെ അയിത്താചരണം

ശ്രീകോവിലിലെ അയിത്താചരണം
X
slug-avkshngl-nishdnglബാബുരാജ് ബി എസ്

അബ്രാഹ്മണര്‍ ശ്രീകോവിലില്‍ കയറിയാല്‍ കുഴപ്പമുണ്ടോ? ഉണ്ടെന്നാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പറയുന്നത്. ശാന്തിവേല ചെയ്യുന്നവരെ പരിശീലിപ്പിക്കാനും അബ്രാഹ്മണര്‍ക്ക് അധികാരമില്ലെന്ന് ബോര്‍ഡ് വിധിച്ചിരിക്കുന്നു. ദേവസ്വം നിയമനങ്ങള്‍ നീതിയുക്തമാക്കാന്‍ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ നിര്‍ദേശിച്ചതനുസരിച്ച് രൂപംകൊടുത്ത ബോര്‍ഡാണ് ഈ കടുംകൈ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 23ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട്‌ടൈം ശാന്തിക്കാര്‍ക്കുള്ള അപേക്ഷ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ക്ഷണിച്ചിരുന്നു. ഏപ്രില്‍ 21നകം പൂരിപ്പിച്ച അപേക്ഷകള്‍ കിട്ടിയിരിക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. അംഗീകൃത തന്ത്രിമാരില്‍നിന്നോ സ്ഥാപനത്തില്‍നിന്നോ ഉള്ള പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും ഒമ്പതാം ക്ലാസ് വിദ്യാഭ്യാസവും സംസ്‌കൃത പരിചയവുമാണ് അടിസ്ഥാന യോഗ്യത. ഏതൊക്കെയാണ് ബോര്‍ഡ് അംഗീകരിച്ച തന്ത്രിമാരും സ്ഥാപനങ്ങളുമെന്ന കാര്യം വിജ്ഞാപനത്തിലില്ലായിരുന്നു. വിജ്ഞാപനത്തിലെ അവ്യക്തത ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ബോര്‍ഡിനെ സമീപിച്ചു. സ്ഥാപനങ്ങളുടെയും തന്ത്രിമാരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം.
പുതുക്കിയ വിജ്ഞാപനത്തില്‍ സ്ഥാപനങ്ങളുടെയും തന്ത്രിമാരുടെയും ലിസ്റ്റ് ഉള്‍പ്പെടുത്തിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്ത്രവിദ്യാപീഠത്തില്‍നിന്നു നേടിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ശ്രീപത്മനാഭ എന്‍എസ്എസ് തന്ത്രവിദ്യാപീഠത്തിന്റെ തന്ത്രഭൂഷണം സര്‍ട്ടിഫിക്കറ്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ശബരിമല മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 21 ഗ്രൂപ്പുകളില്‍ പെടുന്ന ക്ഷേത്രങ്ങളിലെ 184 തന്ത്രിമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്- ഇവയിലൊന്നാണ് ഹാജരാക്കേണ്ടത്. അവസാന തിയ്യതി ഒരു മാസം നീട്ടുകയും ചെയ്തു. അത്രയും നല്ലത്.
പക്ഷേ, ലിസ്റ്റ് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. അംഗീകൃത തന്ത്രിമാരില്‍ അവര്‍ണന്‍ ഒന്നേയുള്ളൂ- ഈഴവനായ രാകേഷ് തന്ത്രികള്‍. ശാന്തിക്കാരെ പരിശീലിപ്പിക്കുന്ന വര്‍ക്കല ശിവഗിരിമഠവും ആലുവയിലെ തന്ത്രവിദ്യാപീഠവും ശ്രീനാരായണ വൈദിക പരിഷത്ത് പോലുള്ള വൈദിക-താന്ത്രിക സംഘടനകളും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവര്‍ണര്‍ക്ക് താന്ത്രികവിദ്യ പകര്‍ന്നുനല്‍കുന്ന ചുരുക്കം സ്ഥാപനങ്ങളാണ് ഇവ. പെരുന്നയിലെ എന്‍എസ്എസ് തന്ത്രപീഠത്തിലൊഴിച്ച് മറ്റൊരിടത്തും അബ്രാഹ്മണരെ പ്രവേശിപ്പിക്കാറില്ലെന്നുകൂടി മനസ്സിലാക്കിയാലേ വിജ്ഞാപനത്തിലെ അനീതി തിരിച്ചറിയാനാവൂ.
അവര്‍ണരെ ഒഴിവാക്കാനുള്ള വിദ്യയല്ലാതെ മറ്റൊന്നുമല്ല ഇത്. അയിത്തത്തിന്റെ മറ്റൊരു രൂപം. പക്ഷേ, അബ്രാഹ്മണര്‍ക്ക് താന്ത്രികവിദ്യയില്‍ എന്തു കാര്യമെന്നു ചിന്തിക്കുന്നവരില്‍ സവര്‍ണര്‍ മാത്രമല്ല, അവര്‍ണരും പെടും. അങ്ങനെ ചിന്തിക്കാത്തവരും ഉണ്ടായിരുന്നു. അവരിലൊരാളാണ് രാകേഷ്. ശിവഗിരി മഹാസമാധി മന്ദിരത്തിലെ ശ്രീനാരായണഗുരുദേവ പ്രതിഷ്ഠ നടത്തിയ പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ മകനാണ് അദ്ദേഹം.
തിരുവിതാംകൂര്‍ ദേവസ്വം വകയായ കൊങ്ങരപ്പിള്ളി ശിവക്ഷേത്രത്തിലായിരുന്നു രാകേഷിന്റെ ആദ്യ നിയമനം. സവര്‍ണരില്‍ ചിലര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. പിന്നാക്കക്കാരനെ ശാന്തിക്കാരനാക്കുന്നത് ആചാരവിരുദ്ധമാണെന്നു വാദിച്ചുകൊണ്ട് എന്‍ ആദിത്യന്‍ എന്നൊരാള്‍ ഹൈക്കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി 1996 ജൂണ്‍ 22ന് രാകേഷിന്റെ നിയമനം അംഗീകരിച്ചുകൊണ്ട് ഉത്തരവായി. 2002ല്‍ വിധി സുപ്രിംകോടതിയും ശരിവച്ചു. ഈ ഉത്തരവിന്റെ ബലത്തില്‍ പിന്നീട് ഇരുനൂറോളം അവര്‍ണര്‍ തിരുവിതാംകൂര്‍ ദേവസ്വത്തില്‍ ശാന്തിക്കാരായി ജോലി നേടിയിട്ടുണ്ട്.
കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മാത്രമാണ് അവര്‍ണ ശാന്തിക്കാരെ നിയമിക്കുന്ന പതിവുള്ളത്. മറ്റു നാലിടത്തും ഇപ്പോഴും പേരിനുപോലും അവര്‍ണരില്ല. നിയമിക്കുന്നിടങ്ങളിലെയും സ്ഥിതി മെച്ചമൊന്നുമല്ലെന്നതാണു സത്യം. അവിടങ്ങളില്‍ മറ്റുതരത്തിലുള്ള നിരവധി ജാതിഅവഹേളനങ്ങള്‍ തുടരുന്നു.
ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. ദേവസ്വം നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ലെന്ന് 2014ല്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതൊക്കെ നിലനില്‍ക്കെയാണ് വളഞ്ഞ വഴിയിലൂടെ ഇപ്പോള്‍ അധികൃതര്‍ അയിത്താചരണങ്ങള്‍ തുടരുന്നത്. ദേവസ്വം ബോര്‍ഡുകള്‍ നിര്‍ദേശിക്കുന്ന യോഗ്യതകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി നിയമനം നടത്താന്‍ മാത്രമേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിനാവൂ എന്നാണ് ചെയര്‍മാന്‍ പി ചന്ദ്രശേഖരന്‍ പറയുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ ജീര്‍ണശക്തികളാണ് ഇതിനു പിന്നിലെന്ന് ശ്രീനാരായണ വൈദികപരിഷത്തിലെ പുരുഷന്‍ശാന്തിയെപ്പോലുള്ളവര്‍ പറയുന്നു. സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവേചനങ്ങള്‍ കഴുകിക്കളയാതെ ഒരു ജനാധിപത്യസമൂഹമായി വികസിക്കാന്‍ നമുക്കാവില്ല.
Next Story

RELATED STORIES

Share it