Second edit

ശ്യാംജി കൃഷ്ണവര്‍മ

ബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലത്ത് ലണ്ടനില്‍ അഭിഭാഷകനായിരുന്നു ശ്യാംജി കൃഷ്ണവര്‍മ. ഗുജറാത്തില്‍നിന്നു പഠനത്തിനായി ലണ്ടനിലെത്തിയ കൃഷ്ണവര്‍മ 1884ലാണ് ഇന്നര്‍ ടെംപിളില്‍ അഭിഭാഷകനായി ചേര്‍ന്നത്.
എന്നാല്‍, 1909ല്‍ അഭിഭാഷകസംഘടന അദ്ദേഹത്തെ പുറത്താക്കി. കോടതികളില്‍ പ്രാക്റ്റീസ് ചെയ്യുന്നതിനു വിലക്കു കല്‍പിക്കാന്‍ കാരണമായത് കൃഷ്ണവര്‍മ ലണ്ടനിലെ ടൈംസ് ദിനപത്രത്തില്‍ എഴുതിയ ഒരു കത്ത്. ഇന്ത്യക്ക് സ്വാതന്ത്ര്യത്തിന് അര്‍ഹതയുണ്ടെന്നും ബ്രിട്ടിഷുകാര്‍ ആ രാജ്യത്തെ അടിമയാക്കി നിലനിര്‍ത്താന്‍ അങ്ങോട്ടുപോവുന്നത് ശരിയല്ലെന്നുമാണ് കത്തില്‍ പറഞ്ഞത്.
കൃഷ്ണവര്‍മ മാത്രമല്ല, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും ഇന്നര്‍ ടെംപിളില്‍ അഭിഭാഷകനായിരുന്നു. 1922ല്‍ ഉപ്പുസത്യഗ്രഹത്തിന് ഇറങ്ങിത്തിരിച്ചതോടെ ഗാന്ധിജിയെയും അവര്‍ പുറത്താക്കി. പക്ഷേ, ഗാന്ധിജിയെ 1988ല്‍ അവര്‍ തിരിച്ചെടുത്തു. അദ്ദേഹം മരിച്ചിട്ട് അപ്പോഴേക്കും 40 വര്‍ഷം കഴിഞ്ഞിരുന്നുവെങ്കിലും ചരിത്രത്തിലെ തെറ്റുതിരുത്താന്‍ ലണ്ടനിലെ അഭിഭാഷകര്‍ തയ്യാറായി. എന്നാല്‍, കൃഷ്ണവര്‍മയ്‌ക്കെതിരേയുള്ള നടപടി അങ്ങനെത്തന്നെ തുടരുകയും ചെയ്തു.
ഏതായാലും സംഭവം കഴിഞ്ഞ് 106 വര്‍ഷത്തിനു ശേഷം ശ്യാംജി കൃഷ്ണവര്‍മയ്ക്കും നീതികിട്ടി. അന്നു ചെയ്തത് അനീതിയാണെന്ന് ഇപ്പോള്‍ അഭിഭാഷകസംഘടന കണ്ടെത്തി. അതു പക്ഷേ, ഇന്ത്യന്‍ പ്രധാനമന്ത്രിയും ഗുജറാത്തിയുമായ നരേന്ദ്രമോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനസമയത്തായിപ്പോയി എന്നത് വെറും ആകസ്മികം മാത്രം എന്നു വിശ്വസിക്കാം.
Next Story

RELATED STORIES

Share it