ശ്മശാന മൂകതയില്‍ ഇന്ദിരാഭവന്‍; എകെജി സെന്ററില്‍ ആവേശം

പി പി ഷിയാസ്

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങള്‍ മുതല്‍ അവസാനംവരെ ശ്മശാന മൂകതയിലായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍. ഇടിവെട്ടിയവനെ പാമ്പുകടിച്ചതുപോലെ നാലു മന്ത്രിമാരുടെ തോല്‍വി. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന കൊല്ലം, തൃശൂര്‍ മണ്ഡലങ്ങളിലെ അപ്രതീക്ഷിത തിരിച്ചടി. ഈ നിരാശതന്നെയായിരുന്നു ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തും കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ മുഖത്തും പ്രതിഫലിച്ചത്. ആരവങ്ങള്‍ക്കോ ആര്‍പ്പുവിളികള്‍ക്കോ തുടക്കംമുതല്‍ തന്നെ സാധ്യത അന്യമായിരുന്നു. പതിവ് സന്ദര്‍ശകര്‍ക്കു പുറമെ നേതാക്കളും അണികളും ഉള്‍പ്പെടെ വിരലിലെണ്ണാവുന്നവര്‍ മാത്രം.
സുധീരന്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയത് വോട്ടെണ്ണല്‍ തുടങ്ങി എല്‍ഡിഎഫിന്റെ മുന്നേറ്റം ഉറപ്പായശേഷം. തമ്പാനൂര്‍ രവി, ജോണ്‍സണ്‍ ജോസഫ്, ബിന്ദു കൃഷ്ണ തുടങ്ങി ചുരുക്കം ചില നേതാക്കള്‍ മാത്രമാണു രാവിലെയുണ്ടായിരുന്ന്. ശശി തരൂര്‍ എംപിയും അരുവിക്കരയില്‍ ജയിച്ച കെ എസ് ശബരീനാഥനും ഇടയ്ക്ക് വന്നതൊഴിച്ചാല്‍ മറ്റാരും എത്തിയില്ല. ആദ്യ അരമണിക്കൂറിലെ ഇഞ്ചോടിഞ്ചു പോരാട്ടസമയത്തു മാത്രമാണ് നേതാക്കളുടെ മുഖം അല്‍പ്പമെങ്കിലും തെളിഞ്ഞത്. പരാജയം ഉറപ്പായതോടെ പ്രവര്‍ത്തകരെല്ലാം ഇരിപ്പിടങ്ങളില്‍നിന്ന് എഴുന്നേറ്റു. കെ ബാബു പിന്നിലാണെന്നും അടൂര്‍ പ്രകാശും കെ സി ജോസഫും മുന്നിലാണെന്നും അറിഞ്ഞപ്പോഴും മനസ്സിലുള്ളതു പുറത്തുകാണിക്കാതെ ടിവിയിലേക്ക് കണ്ണുനട്ട് സുധീരന്‍ ഇരുന്നു. സിറ്റിങ് സീറ്റുകളായ പാറശ്ശാലയും നെയ്യാറ്റിന്‍കരയും വര്‍ക്കലയും കഴക്കൂട്ടവും നഷ്ടമായതോടെ സുധീരന്‍ നിരാശനായി. തുടര്‍ന്നു പ്രതീക്ഷിക്കാത്തവിധമുള്ള തോല്‍വികള്‍ക്കിടെ കെ മുരളീധരന്റേതടക്കമുള്ള ചില വിജയങ്ങള്‍ ഏവര്‍ക്കും ആശ്വാസം നല്‍കി. ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം വന്നപ്പോള്‍ തികഞ്ഞ നിശബ്ദത. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷനേതാവാകാനില്ലെന്നു താന്‍ തീരുമാനിച്ചെന്നും സുധീരന്റെ പ്രതികരണം ഉടനുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ സുധീരന്‍ വാര്‍ത്താസമ്മേളനത്തിലേക്ക്.
അതേസമയം, കേരളമെങ്ങും വിജയത്തിന്റെ ചെഞ്ചായമണിഞ്ഞ ഇന്നലെ സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ ആവേശം വാനോളമായിരുന്നു. രാവിലെ ഏഴരയോടെ തന്നെ നേതാക്കളില്‍ പലരും എത്തിയിരുന്നു. തുടക്കത്തില്‍ തന്നെ എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ ഇവരെ ആകാംക്ഷാഭരിതരാക്കി. ഒമ്പതരയോടെ എല്‍ഡിഎഫ് ലീഡ് നില 90ലേക്കടുത്തത് വിജയമുറപ്പിച്ച മട്ടിലുള്ള കൈയടിക്കും ബഹളത്തിനുമിടയാക്കി. വിഎസിന്റെ ലീഡ് നില 9,000 കടന്നതോടെ ജയ്‌വിളികള്‍ മുഴങ്ങി. ഇതിനിടയില്‍ നേമത്തെ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ 8,000 വോട്ടുകള്‍ക്ക് മുന്നിലെന്ന വാര്‍ത്ത വന്നതോടെ എല്ലാവരും നെടുവീര്‍പ്പിലായി. പിണറായിയുടെ ലീഡ് 22,000 കവിഞ്ഞപ്പോള്‍ ആഹ്ലാദം തിരികെയെത്തി. ഇതിനിടെ പലയിടത്തും യുഡിഎഫ് സീറ്റുകള്‍ ഇളകിയതോടെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സന്തോഷം ഇരട്ടിയായി.
തുടര്‍ന്നാണു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഘോഷം പങ്കുവയ്ക്കാന്‍ കൊടിതോരണങ്ങളും ബാന്‍ഡ് മേളവുമായി അണികളെത്തിയത്. ജയിച്ച സ്ഥാനാര്‍ഥികളില്‍ ചിലരെത്തി പ്രവര്‍ത്തകര്‍ക്കൊപ്പം സന്തോഷം പങ്കുവച്ചു. 12ഓടെ എം എ ബേബി, ഉഴവൂര്‍ വിജയന്‍ എന്നിവരെത്തി വിജയിച്ചവരെ അനുമോദിച്ചു. തുടര്‍ന്ന് മധുരം പങ്കുവച്ച ശേഷം കോടിയേരിയുടെ വാര്‍ത്താസമ്മേളനം.
ചരിത്ര നേട്ടത്തിന്റെ ആഹ്ലാദത്തിമര്‍പ്പില്‍ മുഖരിതമായിരുന്നു ഇന്നലെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവന്‍. കേരളത്തില്‍ അഞ്ചോ അതില്‍ക്കൂടുതലോ സീറ്റുകളാണ് പ്രതീക്ഷിച്ചതെങ്കിലും കേവലം നേമം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബിജെപി ആ വിജയം അതിരറ്റ് ആഘോഷിക്കുകയായിരുന്നു. നേമം സീറ്റ് പൂര്‍ണമായും ഉറപ്പിച്ച ബിജെപി പ്രവര്‍ത്തകരും നേതാക്കളും രാവിലെ തന്നെ ആസ്ഥാനത്ത് സജ്ജരായിരുന്നു.
Next Story

RELATED STORIES

Share it