Flash News

ശോഭാ സുരേന്ദ്രനെതിരേ വിമതരുടെ പടയൊരുക്കം; തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുപ്പിച്ചില്ല

എം എം സലാം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ മല്‍സരിക്കുമെന്നുറപ്പായതോടെ വിമതര്‍ പടയൊരുക്കം തുടങ്ങി. ഇന്നലെ നടന്ന ജില്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനച്ചടങ്ങിലാണ് ശോഭയ്‌ക്കെതിരേ വിമതരുടെ എതിര്‍പ്പ് മറനീക്കി പുറത്തുവന്നത്.
ഓഫിസ് ഉദ്ഘാടനം ഇന്നലെ രാവിലെ ഒമ്പതുമണിക്കു ശോഭ സുരേന്ദ്രന്‍ നിര്‍വഹിക്കുമെന്നായിരുന്നു ബിജെപി നേതൃത്വം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ശോഭ എത്തുന്നതിനു മുമ്പ് ഉദ്ഘാടനം നടന്നു. പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഉദ്ഘാടനം നടത്തിയത് വിവാദമായി.
രാവിലെ 9.30വരെ ശോഭ സുരേന്ദ്രനെ കാത്തിരുന്നെന്നും മുഹൂര്‍ത്തം തെറ്റിക്കേണ്ടെന്നു കരുതി കൃത്യ സമയത്ത് ഉദ്ഘാടനം നടത്തിയെന്നുമാണ് ബിജെപി നേതൃത്വം വിശദീകരിച്ചത്. 9.50നാണു ശോഭ ചടങ്ങിനെത്തിയതെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന സമയത്ത് പാലക്കാട് നഗരത്തില്‍ത്തന്നെയുള്ള വടക്കുംതറ ക്ഷേത്രത്തില്‍ ശോഭ ഉണ്ടായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്താന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ മുതിര്‍ന്ന അംഗം രാമന്‍കുട്ടി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ കൃഷ്ണദാസ് എന്നിവരെക്കൊണ്ട് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്തുകയായിരുന്നു. ശോഭാ സുരേന്ദ്രന്‍ എത്തിയപ്പോഴേക്കും ഉദ്ഘാടനപരിപാടി അവസാനിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്തെ മുഴുവന്‍ ബിജെപി സ്ഥാനാര്‍ഥികളെയും വരുന്ന 16ാം തിയ്യതിഔദ്യോഗികമായി പ്രഖ്യാപിക്കും. മണ്ഡലം കമ്മിറ്റികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടറിയും നഗരസഭാ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിന്റെ പേരാണ് നിര്‍ദേശിച്ചത്.
കൃഷ്ണകുമാര്‍ മല്‍സരിച്ചാല്‍ ബിജെപിക്ക് പുറത്തുള്ള വോട്ടുകള്‍കൂടി നേടാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ജയസാധ്യതയുള്ള മണ്ഡലം എന്ന നിലയില്‍ ശോഭ സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയാവുന്നതില്‍ എതിര്‍പ്പുള്ള ഒരു പ്രബല വിഭാഗവും പാലക്കാടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ശോഭാ സുരേന്ദ്രന് നിയമസഭാ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപനം വരുന്നതോടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിത്വം ഉള്‍പ്പെടെ രാജിവയ്ക്കാനാണു കൃഷ്ണകുമാര്‍ വിഭാഗത്തിന്റെ തീരുമാനം.
Next Story

RELATED STORIES

Share it