ശോഭന ജോര്‍ജ് പിന്‍മാറിയില്ല; മോതിരം ചിഹ്നത്തില്‍ മല്‍സരിക്കും

ആലപ്പുഴ: ചെങ്ങന്നൂരിലെ വിമത സ്ഥാനാര്‍ഥി ശോഭന ജോ ര്‍ജ് പിന്മാറിയില്ല. ശോഭനയ്ക്ക് മോതിരം ചിഹ്നമായി അനുവദിച്ചു. നാട്ടുകാരിക്ക് ഒരു വോട്ട് എന്ന അഭ്യര്‍ഥനയുമായാണ് പോസ്റ്ററുകളില്‍ ശോഭന ജോര്‍ജ് നിറഞ്ഞുനില്‍ക്കുന്നത്. മണ്ഡലത്തിലെ ഓര്‍ത്തഡോക്‌സ് സഭ പരസ്യമായ പിന്തുണയുമായി രംഗത്തുവന്നതോടെ സിറ്റിങ് എംഎല്‍എ ആയ പി സി വിഷ്ണുനാഥിന് ജയത്തിനായി കഠിന പരിശ്രമം നടത്തേണ്ടിവരും. ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് സാധ്യത വര്‍ധിപ്പിക്കും.
കാലാകാലങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭ കോണ്‍ഗ്രസ്സിനെയാണു പിന്തുണച്ചിരുന്നത്. എന്നാല്‍, ഇത്തവണ പരസ്യമായാണ് ശോഭന ജോര്‍ജിന് സഭ പിന്തുണ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥിയാവാന്‍ നേരത്തെ ശോഭന ജോര്‍ജ് കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ശോഭന വിമതഭീഷണി ഉയര്‍ത്തിയിരുന്നെങ്കിലും അടുത്തതവണ സീറ്റു നല്‍കുമെന്ന ഉറപ്പു നല്‍കി പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണയും സീറ്റു നിഷേധിച്ചതോടെ ശോഭന വിമതസ്ഥാനാര്‍ഥിയായി രംഗത്തെത്തി. നേരത്തെ രണ്ടുതവണ മണ്ഡലത്തില്‍ നിന്ന് ശോഭന നിയമസഭയിലെത്തിയിരുന്നു. താന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ പി സി വിഷ്ണുനാഥ് പൂര്‍ത്തീകരിച്ചില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകളോട് കടുത്ത അവഗണനയാണ് കോണ്‍ഗ്രസ് കാണിക്കുന്നതെന്നും ശോഭന പറഞ്ഞു.
Next Story

RELATED STORIES

Share it