wayanad local

ശൈശവ വിവാഹ- ലൈംഗികാതിക്രമങ്ങള്‍; പോക്‌സോ നിയമ ബോധവല്‍ക്കരണം ഊര്‍ജിതമാക്കും: ബാലാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: ശൈശവ വിവാഹ- ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് നടപ്പാക്കുന്ന പോക്‌സോ നിയമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഊര്‍ജിത ബോധവല്‍ക്കരണം നടത്തുമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹികനീതി, പോലിസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിയമ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും കമ്മീഷന്‍ അറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ ആദിവാസി കോളനികളില്‍ ശൈശവ വിവാഹങ്ങള്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കുറ്റം ചുമത്തി നിയമനടപടികള്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ജനറല്‍ വിഭാഗങ്ങള്‍ക്കിടയിലും ശൈശവ വിവാഹം കണ്ടെത്തിയതായും ബാലാവകാശ കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ് വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ നിന്നു കൊഴിഞ്ഞുപോവുന്ന ആദിവാസി വിഭാഗത്തിനിടയിലാണ് ശൈശവ വിവാഹം കൂടുതലായി നടക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആദിവാസി സമൂഹത്തെ ഉന്മൂലനം ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭിണിയായ ആദിവാസി യുവതികളുടെ പ്രായം, നവജാത ശിശുവിന്റെ തൂക്കം എന്നിവ അങ്കണവാടി പ്രവര്‍ത്തകരുടെ സഹകരണത്തോടെ ശേഖരിക്കാന്‍ സിഡിപിഒമാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. കൂടാതെ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, പോലിസ്, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കും പോക്‌സോ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി. 2013- 53, 2014-72, 2015-106, 2016- 72 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വരും നാളുകളില്‍ പോക്‌സോ നിയമ ബോധവല്‍ക്കരണത്തിലൂടെ കുറ്റകൃതൃങ്ങളില്‍ ഗണ്യമായ കുറവ് വരുത്തുകയാണ് ലക്ഷ്യം.
Next Story

RELATED STORIES

Share it