Kollam Local

ശെന്തുരുണി ഒരു മരം മാത്രമല്ല!

കൊല്ലം: ശെന്തുരുണി എന്നത് ഒരു മരത്തിന്റെ മാത്രം പേരല്ല, മറിച്ച് ഒരു വനത്തിന്റെ കൂടിയാണ്. ഒരു മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി(ചെന്തുരുണി) വന്യജീവി സങ്കേതം. 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവില്‍ വന്നത്. കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
തെന്മലയാണ് ആസ്ഥാനം. അനാകാര്‍ഡിയേസി കുടുംബത്തില്‍പ്പെട്ട ഗ്ലൂട്ടാ ട്രാവന്‍കൂറിക്ക എന്ന ചെന്തുരുണി മരങ്ങള്‍ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. ചെന്തുരുണിപ്പുഴയും സമീപം കാണാം. ഇതിനു സമീപം കല്ലടയാറ്റില്‍ നിര്‍മിച്ചിരിക്കുന്ന തെന്മല അണക്കെട്ടിന്റെ ജല സംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേര്‍ന്ന് 171 ച.കി.മീ വിസ്തീര്‍ണ്ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ളൈ പാര്‍ക്ക് ഇതിനടുത്താണ്. ഇന്ത്യയില്‍ ആദ്യമായി തുമ്പികളുടെ കണക്കെടുപ്പ് നടന്നത് ഇവിടെയാണെന്നു കരുതുന്നു.
പ്രകൃതിയുടെ സംരക്ഷണദുര്‍ഗമായ പശ്ചിമഘട്ടത്തിലെ സുപ്രധാന ഹോട്ട് സ്‌പോട്ടുകളാല്‍ സമ്പന്നമായ ആര്യങ്കാവ് ചുരത്തിന് തെക്കുള്ള ജൈവവൈവിധ്യമേഖലയില്‍ മാത്രമാണ് ലോകത്ത് ശെന്തുരുണി വൃക്ഷങ്ങളുള്ളത്.
ചാര് സസ്യകുടുംബത്തില്‍പ്പെട്ട ശെന്തുരുണിയെ ചെങ്കുറുണിയെന്നും വിളിക്കാറുണ്ട്. കട്ടിയേറിയ പുറംപട്ടയും കടുപ്പവും ചുവപ്പുമുള്ള ഉള്‍ത്തടിയുമാണുള്ളത്. ശെന്തുരുണിയെന്നോ ചെങ്കുറുണിയെന്നോ പേര് വിളിക്കപ്പെടാന്‍ കാരണവും ഇതുതന്നെയാണ്. വന്‍മരങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ഇവ 35 മീറ്ററിലേറെ ഉയരത്തില്‍ വളരും. പശ്ചിമഘട്ടത്തിലെ കൊല്ലം ജില്ലയിലുള്‍പ്പെടുന്ന തെന്മലയാണ് പ്രധാന ആവാസകേന്ദ്രം. കുറച്ചുകൂടി തെക്ക് അഗസ്ത്യാര്‍കൂടത്തിലെ വനാന്തരങ്ങളിലും കാണുന്നുണ്ട്. തെന്മലയിലെ ശെന്തുരുണി വന്യജീവിസങ്കേതത്തിന്റെ 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലെ വനാന്തരങ്ങളില്‍ ഇവയുടെ എണ്ണം ഏതാനും ആയിരത്തിലൊതുങ്ങുന്നതാണ്. വനംവകുപ്പിന് നമ്പറിടാന്‍ പാകത്തില്‍ എണ്ണം പരിമിതപ്പെട്ട ഈ വൃക്ഷങ്ങളുടെ നിലിനില്‍പ്പ് തീര്‍ത്തും ഭീഷണിയിലാണ്.
ലോകത്തിന്റെ ജൈവവൈവിധ്യ ഭൂപടത്തില്‍ പശ്ചിമഘട്ടം പ്രത്യേകമായി അടയാളപ്പെടുത്തപ്പെടാനും അതില്‍ കേരളത്തിലെ ഭാഗങ്ങള്‍ കൂടുതല്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കാനുമുള്ള നിരവധി കാരണങ്ങളിലൊന്ന് ശെന്തുരുണിയുടെ സാന്നിധ്യം തന്നെയാണ്.
Next Story

RELATED STORIES

Share it