ernakulam local

ശുഭയാത്രയുമായി സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍

വൈപ്പിന്‍: വാഹനാപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഞാറക്കല്‍ പോലിസും എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റുകളും ചേര്‍ന്ന് ശുഭയാത്ര എന്ന ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചു.
സ്‌കൂളിന്റെ കവാടത്തിന് മുന്നിലുള്ള വൈപ്പിന്‍ മുനമ്പം റോഡില്‍ ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. റോഡ് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ചെറുചോദ്യങ്ങളുമായാണ് പോലിസ് യൂനിഫോം അണിഞ്ഞ കേഡറ്റുകള്‍ ഡ്രൈവര്‍മാരെ സമീപിച്ചത്. കൃത്യമായി ഉത്തരം നല്‍കിയവര്‍ക്കെല്ലാം കേഡറ്റുകള്‍ സമ്മാനങ്ങളും മധുരവും നല്‍കി.
അമിതവേഗതയിലെത്തിയവര്‍ക്കും ഹെല്‍മറ്റില്ലാതെയും സീറ്റ് ബെല്‍റ്റ് ഇടാതെയും വാഹനമോടിച്ചവര്‍ക്കുമെല്ലാം റോഡ് നിയമങ്ങള്‍ സംബന്ധിച്ച റെഡ്കാര്‍ഡുകള്‍ നല്‍കിയാണ് യാത്രയാക്കിയത്. മറ്റ് നിയമലംഘനങ്ങള്‍ക്ക് റോഡ് നിയമങ്ങള്‍ പ്രിന്റ് ചെയ്ത ഗ്രീന്‍കാര്‍ഡും ഉപദേശവുമായിരുന്നു നല്‍കിയത്. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ചവര്‍ക്കെല്ലാം അഭിനന്ദനകാര്‍ഡുകളും മിഠായിയും നല്‍കി. വ്യത്യസ്തമായ ഈ ബോധവല്‍ക്കരണപരിപാടി ഇഷ്ടപ്പെട്ട ചില വ്യാപാരികള്‍ കേഡറ്റുകള്‍ക്ക് മിഠായി പാക്കറ്റുകള്‍ സമ്മാനിക്കുകയും ചെയ്തു.
റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ കുട്ടികളിലൂടെ റോഡുസുരക്ഷാ മാര്‍ഗങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പ്രൊജക്ട് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന പരിപാടിയാണ് ശുഭയാത്ര. നിയമങ്ങള്‍ ഇല്ലാത്തതോ പൊതുജനങ്ങള്‍ റോഡ് അപകടങ്ങളെക്കുറിച്ച് അജ്ഞരായതു കൊണ്ടോ അല്ല ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും മറിച്ച് മനഃപൂര്‍വമായ അവഗണനയാണ് പല റോഡപകടങ്ങള്‍ക്കും കാരണമെന്നും ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍ പറഞ്ഞു. ഗതാഗതവകുപ്പുമായി ചേര്‍ന്നും എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍ വിവിധ തുടര്‍ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്‌ഐ ജയപാലന്‍, ഡിഐ ഇ എം പുരുഷോത്തമന്‍, വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ എ പ്രിന്‍സി, എം വി രശ്മി എന്നിവരും കേഡറ്റുകള്‍ക്കൊപ്പം ശുഭയാത്രയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it