Idukki local

ശുദ്ധജല വിതരണം മുടങ്ങി:  ഉദ്യോഗസ്ഥരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തടഞ്ഞു

കുമളി: ശുദ്ധജല വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ സിപിഎം ജല അതോറിറ്റി ഉദ്യോഗസ്ഥരെ വഴിയില്‍ തടഞ്ഞു.പീരുമേട് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അസ്സി എം ലൂക്കോസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി എ ആന്റണി എന്നിവരെയാണ് അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ. അബ്ദുല്‍ റസാക്ക്,കുമളി ഗ്രാമപഞ്ചായത്ത് അംഗം എ എസ് പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞത്.ഇന്നലെ ഉച്ചയോടെ തേക്കടി അമ്പാടിക്കവലയിലാണ് പ്രതിഷേധം.
കഴിഞ്ഞ ഏതാനും മാസങ്ങളായി കുമളി, ചക്കുപള്ളം പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങിയിട്ട്. ഇക്കാര്യം നാട്ടുകാരും ജനപ്രതിനിധികളും അറിയിച്ചാല്‍ നിസ്സംഗഭാവമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി.ചക്കുപള്ളം ജലപദ്ധതിയുടെ മോട്ടോര്‍ അടുത്തിടെ തകരാറിലായിരുന്നു. തകരാര്‍ പരിഹരിച്ച് തേക്കടി കനാലില്‍ മോട്ടോര്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ പീരുമേട്ടില്‍ നിന്നുള്ള കരാറുകാരനായിരുന്നു ഏറ്റെടുത്തത്.
മോട്ടോര്‍ സ്ഥാപിക്കുന്ന ജോലികള്‍ ചെയ്യുന്നതിനിടെ കുമളി സ്വദേശിയായ മറ്റൊരു കരാറുകാരനെത്തി ഇവരെ മര്‍ദിച്ചു.ഇതോടെ മോട്ടോര്‍ സ്ഥാപിക്കുന്ന ജോലികള്‍ നിര്‍ത്തി കരാറുകാരനും തൊഴിലാളികളും മടങ്ങി.
ഈ പ്രശ്‌നത്തിനു പരിഹാരം ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. സംഭവം അറിഞ്ഞ് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ്, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷണന്‍ കുട്ടി എന്നിവരും തേക്കടിയിലെത്തി.
മോട്ടോര്‍ തേക്കടി കനാലില്‍ ഇറക്കിയ ശേഷമാണ് ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്. കൂടാതെ കുമളി മേഖലയില്‍ പൊട്ടിയൊഴുകുന്ന പൈപ്പുകള്‍ മാറ്റിയിടാനും ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it