Alappuzha local

ശുദ്ധജലക്ഷാമ രൂക്ഷതയില്‍ തീരദേശ ജീവിതം ദുരിതപൂര്‍ണം

പൂച്ചാക്കല്‍: അതിരൂക്ഷമായ വേനല്‍ച്ചൂടില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് അതിര്‍ത്തിയിലെ തിരദേശ വാസികള്‍ ശുദ്ധജലത്തിനായ് നെട്ടോട്ടം ഓടുകയാണ്. അരുക്കുറ്റി ,പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം. പഞ്ചായത്തുകള്‍ വേമ്പനാട്, കൈതപ്പുഴ കായലും ഇതിന്റെ കൈവഴികളാലും ചുറ്റപ്പെട്ടുകിടക്കുമ്പോള്‍, പെരുമ്പളം പഞ്ചായത്താകട്ടെ വേമ്പനാട്ട് കായലിന്റെ നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ജലാശയങ്ങളിലും ഇടത്തോടു കളിലും ഇനിയുള്ള ആറ് മാസക്കാലം ഉപ്പ് വെള്ളമായിരിക്കും അതു കൊണ്ടു തന്നെ ശുദ്ധജല ക്ഷാമത്തിന്റെ ബുദ്ധിമുട്ട് കാലങ്ങളായി ഈ കാലയളവില്‍ അനുഭവിക്കുന്നവരുമാണ് തീരദേശവാസികള്‍. എന്നാല്‍ ഇക്കാലമത്രയും ഇല്ലാത്ത ശുദ്ധജലക്ഷാമമാണ് തീരദേശ വസികള്‍അനുഭവിക്കുന്നത്. തങ്ങളുടെ ഈ ദുരിത നിവാരണത്തിന് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഇവര്‍ക്ക് നിരാശയായിരുന്നു ഫലം.
ജപ്പാന്‍ പദ്ധതിയുടെ കണക്ഷനുകള്‍ പരിശോധിച്ചാല്‍ അതിലേറെയും തീരദേശ കുടുംബങ്ങളാണെന്നതാണ് വസ്തുത. ദാരിദ്ര്യമാണെങ്കിലും വളരെ കഷ്ടപ്പെട്ടു അധികൃതര്‍ പറഞ്ഞ തുക അടച്ച് തുടക്കത്തില്‍ തന്നെ കണക്ഷന്‍ സമ്പാദിച്ചവരാണിവര്‍. പദ്ധതി നിര്‍വഹണത്തിനിടയില്‍ ഇടനിലക്കാരുടെ ചൂഷണത്തിനും ഇവര്‍ വിധേയരായി.എന്നാലിപ്പോള്‍ കുടി വെള്ളത്തിനായ് മാസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടാണിവര്‍ക്ക്. പാണാവള്ളി, അരുക്കുറ്റി, പെരുമ്പളം പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒരു മാസക്കാലം വെള്ളമേ എത്തിയില്ല ഇപ്പോള്‍ വരുന്നുണ്ടെങ്കിലും വെള്ളം തീരദേശത്തെ ടാപ്പുകളില്‍ എത്തുന്നതുമില്ല. ഉള്‍പ്രദേശവാസികള്‍ ഹൗസ് കണക്ഷന്‍ വാല്‍വില്‍ മോട്ടോര്‍ ഘടിപ്പിച്ച് ജലം എടുക്കുന്നതാണ് ഇതിന് കാരണമായി ഇവര്‍പറയുന്നത്, അര്‍ദ്ധരാത്രിയില്‍ ഉറക്കമിളച്ച് കാത്തിരുന്നാല്‍ കഷ്ടിച്ച് ഒരു കുടം വെള്ളം കിട്ടിയെങ്കിലായി.
ഇതാണ് നിലവില്‍ തീരദേശത്തെ അവസ്ഥ. അടിയ്ക്കടി പദ്ധതിയ്ക്കിടെ ഉണ്ടാവുന്ന പൈപ്പ് പൊട്ടലും ഈ അവസ്ഥയ്ക്ക് മറ്റൊരു കാരണമായ് പറയുന്നുണ്ട്. പൈപ്പ് പൊട്ടുന്നതൊഴിവാക്കാന്‍ സമ്മര്‍ദം കുറച്ചാണ് പമ്പിങ് നടത്തുന്നത്. ഇത് തീരദേശത്ത് നല്ല രീതിയില്‍ ജലം എത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായും ഇവര്‍ ചൂണ്ടി കാട്ടുന്നു.ഈ ദുരിതകാലം അതിജീവിക്കാന്‍ മുന്‍പ് വാഹനങ്ങളില്‍ പഞ്ചായത്തധികൃതര്‍ വെള്ളം എത്തിക്കുമായിരുന്നു. അത്തരത്തിലുള്ള നടപടി ഇതുവരെ ഉണ്ടായിട്ടുമില്ല. ഇതു മൂലം സമീപ പഞ്ചായത്തായ തൈക്കാട്ടുശ്ശേരിയില്‍ കിലോമീറ്ററുകള്‍ താണ്ടി വള്ളത്തിലെത്തിയാണ് പാണാവള്ളിയിലെ മിക്കവാറും തീരദേശ കുടുംബങ്ങള്‍കൂടി നീര്‍ സംഭരിക്കുന്നത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ കെട്ടിപ്പെറുക്കി അകലെയുള്ള ബന്ധുവീടുകളില്‍ കൊണ്ടു പോയി കഴുകി വൃത്തിയാക്കുന്നവരും ഏറെയാണ്.
ആയിരങ്ങള്‍ മുടക്കി കണക്ഷന്‍ എടുത്തിട്ടും തങ്ങള്‍ അനുഭവിക്കുന്ന ശുദ്ധജല ക്ഷാമംപരിഹരിക്കപ്പെട്ടുന്നതിനായ് തീരദേശ കുടുംബങ്ങളിലെ വീട്ടമ്മമാര്‍ ചേത്തലയിലെ ജല അതോര്‍ട്ടി ഓഫിസിലെത്തി പരാതി നല്‍കി അനുകൂല നടപടിക്കായ്കാത്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it