wayanad local

ശുചിമുറിയില്ല; മേപ്പാടി-കെബി റോഡില്‍ യാത്രക്കാര്‍ക്ക് ദുരിതം

മേപ്പാടി: മേപ്പാടി-കെബി റോഡില്‍ ശുചി മുറി സൗകര്യമില്ലാത്തത് ദിവസവുമെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ദിവസവും സൂചിപ്പാറ ഇക്കോടുറിസം സെന്ററിലേക്കടക്കം നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയാണ് ബസ്സ്റ്റാന്റ് നിര്‍മിച്ചത്.  എന്നാല്‍ പുതിയ ഭരണസമിതി ശുചിമുറി സൗകര്യം ഒരുക്കിയില്ല. ഇത് സ്ത്രീ യാത്രക്കാര്‍ക്കടക്കം ദുരിതമാവുകയാണ്. നിലവില്‍ മേപ്പാടിയില്‍ ഊട്ടി റോഡിലെ ബസ്സ്റ്റാന്റിലാണ് ശുചിമുറിയുള്ളത്. കെബി റോഡില്‍ നിന്ന് ഈ ശുചിമുറിയിലേക്കെത്തണമെങ്കില്‍ മുന്നൂറു മീറ്ററിലധികം നടക്കണം.  ബസ്സ്റ്റാന്റ് നിര്‍മിച്ചതിനൊപ്പം ശുചിമുറി കൂടി നിര്‍മിച്ചിരുന്നെങ്കില്‍ ഈ റൂട്ടിലെ യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാകുമായിരുന്നു.  എന്നാല്‍ ബസ്സ്റ്റാന്റിന് തൊട്ടടുത്തുള്ള സ്ഥലം കടമുറികളായാണ് നിര്‍മിച്ചത്. കെട്ടിടത്തിന്റെ പുറകില്‍ സ്ഥലം ഉണ്ടായിരുന്നെങ്കിലും കടമുറികളുടെ സൗകര്യത്തിനായി റോഡിലേക്ക് തള്ളിയാണ് കെട്ടിടം നിര്‍മിച്ചത്.  കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തിന് പുതിയ ഭരണ സമിതിയായെങ്കിലും യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന ശുചിമുറി ഒരുക്കാന്‍ ഇതു വരെ പദ്ധതി ആവിഷ്‌കരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഫണ്ടനുവച്ചെങ്കിലും സ്ഥലം കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല.  നിലവില്‍ കണ്ടെത്തിയ സ്ഥലത്ത് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുണ്ട്. ഇവിടെ ശുചിമുറി നിര്‍മിച്ചാല്‍ പ്രതിഷേധമുയരാനിടയുണ്ട്. നിലവിലെ ബസ്സ്റ്റാന്റ് കെട്ടിടത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കടമുറികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം അത്യാധുനിക സംവിധാനത്തോടെ ശുചിമുറി സൗകര്യം ഒരുക്കാന്‍ സാധിക്കും.  മേപ്പാടി ടൗണിനെ ആശ്രയിക്കുന്ന മുണ്ടക്കൈ, അട്ടമല, ചൂരല്‍മല തുടങ്ങി നിരവധി പ്രദേശങ്ങളിലെ ജനങ്ങളാണ് കെബി റോഡ് ബസ്സ്റ്റാന്റിനെ ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it