kozhikode local

ശുചിമുറികളില്ല; സ്ത്രീ സൗഹൃദമല്ലാതെ ടൗണ്‍ ഹാള്‍

കോഴിക്കോട്: പെണ്‍ അവകാശങ്ങളുടെ നിരവധി പ്രഖ്യാപനങ്ങള്‍ക്ക് വേദിയായ കോഴിക്കോട് കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ ഇപ്പോഴും സ്ത്രീകള്‍ക്കായുള്ള ശുചിമുറി ഇല്ല. ഏതൊരു പൊതു ഇടങ്ങളിലും സ്ത്രീ സൗഹൃദ ശുചിമുറികള്‍ ഉണ്ടായിരിക്കണമെന്ന നിയമ നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് കോര്‍പ്പറേഷന്റെ ഈ നടപടി. വിവിധ പരിപാടികള്‍ക്കായി നിരവധി സ്ത്രീകള്‍ വന്നു പോവുന്ന ടൗണ്‍ ഹാളില്‍, ഇവര്‍ക്കായി പ്രത്യേക ശുചിമുറി ഇല്ലാത്ത കാര്യം കോര്‍പ്പറേഷന്‍ അധികൃതര്‍ ഇതുവരെ അിറഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍. കോര്‍പ്പറേഷനില്‍ വനിതാ മേയര്‍ അധികാരത്തില്‍ ഇരിക്കുന്ന വേളയിലാണ് ടൗണ്‍ ഹാളിന്റെ നവീകരണ പ്രവൃത്തികള്‍ നടന്നത്. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വനിതാ മേയറും പലതവണ ടൗണ്‍ ഹാളില്‍ എത്തിയിട്ടുണ്ട്. എന്നിട്ടും, ഇവിടെ വനിതകള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്ത കാര്യം ശ്രദ്ധിക്കപ്പെടാതെ പോയി. ടൗണ്‍ ഹാളിനും ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിക്കും ഇടയിലായി മൂന്ന് ശുചിമുറികളാണ് ഉള്ളത്. ഇതില്‍ ഒരെണ്ണം ടൗണ്‍ ഹാളിനും രണ്ടെണ്ണം ആര്‍ട്ട് ഗാലറിക്കുമാണ് കോര്‍പ്പറേഷന്‍ വീതം വെച്ചത്.
ഇവയില്‍ ഗാലറിക്ക് അവകാശപ്പെട്ട രണ്ടെണ്ണം പൂട്ടിയിടുകയാണ് പതിവ്. ഗാലറിയില്‍ എത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം ഇവയുടെ താക്കോലുകള്‍ നല്‍കും.
എന്നാല്‍, ടൗണ്‍ഹാളില്‍ എത്തുന്ന സ്ത്രീകളും പുരുഷന്‍മാരും ഒരേ ശുചിമുറി ഉപയോഗിച്ചാല്‍ മതിയെന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഈ തീരുമാനം ടൗണ്‍ ഹാളില്‍ എത്തുന്ന സ്ത്രീകളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ടൗണ്‍ ഹാളിനായി അനുവദിച്ച ശുചിമുറിക്കു മുന്‍പില്‍ പുരുഷന്‍മാരുടെ കൂട്ടം പുകവലിക്കാനും, കുശലം പറയാനുമായി സ്ഥാനം പിടിച്ചിരിക്കും. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് ഈ ശുചിമുറി ഉപയോഗിക്കാന്‍ പലപ്പോഴും പറ്റാറില്ല.
രാത്രികാലങ്ങളിലാണ് സ്ത്രീകള്‍ ഇക്കാര്യത്തില്‍ ഏറെ വിഷമിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ വരെ സ്ത്രീകള്‍ക്ക് പ്രത്യേകം ശുചിമുറികള്‍ ഉണ്ടാവണമെന്ന നിയമ നിര്‍ദ്ദേശം ഉണ്ട്. ഇതു പാലിക്കുന്നു എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് കോര്‍പ്പറേഷന്‍, നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നത്.
എന്നാല്‍, കോര്‍പ്പറേഷനു കീഴിലുള്ള ടൗണ്‍ ഹാളിന്റെ കാര്യത്തില്‍ ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല. ആര്‍ട്ട് ഗാലറി പുതുക്കി പണിയുന്നതിനു മുമ്പ്‌വരെ ഇവിടെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ശുചിമുറി ഉണ്ടായിരുന്നു. കോടികള്‍ മുടക്കി ആര്‍ട്ട് ഗാലറി പുതുക്കി പണിതപ്പോള്‍, പഴയത് പൊളിച്ച് പിന്‍വശത്തായി പുതിയവ പണിതു. ഈ സമയത്താണ് സ്ത്രീകളുടെ കാര്യം വിട്ടുപോയത്. ആര്‍ട്ട് ഗാലറിക്കായി അനുവദിച്ച സ്ത്രീ സൗഹൃദ ശുചിമുറിയില്‍ നാപ്കിന്‍ സംസ്‌കരണ യന്ത്രം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഗാലറി അധികൃതര്‍ ഇത് പൂട്ടിയിടുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രമായ ടൗണ്‍ ഹാളില്‍ വര്‍ഷങ്ങളായി സ്ത്രീകള്‍ക്കായുള്ള ശുചിമുറി ഇല്ലാത്തതില്‍ ഒരു പ്രതിഷേധവും ഇതുവരെ ഉയര്‍ന്നിട്ടുമില്ല.
Next Story

RELATED STORIES

Share it