ശുചിത്വ നികുതി പ്രാബല്യത്തില്‍: ഹോട്ടല്‍, ഫോണ്‍ ചെലവുകള്‍ കൂടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കു വേണ്ടി വരുമാനം കണ്ടെത്താന്‍ നികുതി (സെസ്സ്) ഏര്‍പ്പെടുത്തിയതോടെ ഞായറാഴ്ച മുതല്‍ ഹോട്ടല്‍ ഭക്ഷണത്തിനും ഫോണിനും തീവണ്ടി യാത്രയ്ക്കും ചെലവ് കൂടി.
നികുതിക്ക് വിധേയമായ സേവനങ്ങള്‍ക്ക് 0.5 ശതമാനം ശുചിത്വ ഭാരത് നികുതി വരുന്നതോടെ ഒരു സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് 10,000 കോടി രൂപ അധികം ലഭിക്കുമെന്നാണ് കണക്ക്. നവംബര്‍ 15 മുതല്‍ മാര്‍ച്ച് 31 വരെയുളള നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തില്‍ 3,800 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനമെന്ന് റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആശിയ പറഞ്ഞു. നികുതി ചുമത്തുന്നതോടെ 14 ശതമാനമുണ്ടായിരുന്ന സേവന നികുതി നിരക്ക് 14.5 ശതമാനമായി ഉയര്‍ന്നു. നവംബര്‍ 15നു മുമ്പ് നല്‍കിയ സേവനങ്ങള്‍ക്കോ നവംബര്‍ 29നു മുമ്പുളള വിലനിലവാരങ്ങള്‍ അനുസരിച്ച് നല്‍കിയ രശീതികള്‍ക്കോ സെസ്സ് ബാധകമാവുകയില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
2006ലെ സേവന നികുതി ചട്ടമനുസരിച്ചാണ് ശുചിത്വ നികുതി കണക്കാക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു. എയര്‍ കണ്ടീഷന്‍ സൗകര്യമുളള ഹോട്ടലില്‍ ബില്‍തുകയുടെ 40 ശതമാനത്തിന്റെ 0.5 ശതമാനമായിരിക്കും സ്സെസ്. ഫലത്തില്‍ ബില്‍ തുകയുടെ 0.2 ശതമാനം അധികം നല്‍കേണ്ടിവരും.
2015-16 ലെ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2 ശതമാനമായിരുന്നു സ്വച്ഛ് ഭാരത് സെസ്സ് പ്രഖ്യാപിച്ചിരുന്നത്. ആവശ്യമെങ്കില്‍ മൊത്തമായോ അല്ലെങ്കില്‍ ചില സേവനങ്ങള്‍ക്കോ ഈ നിരക്ക് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വച്ഛ് ഭാരത് സെസ്സ് മറ്റ് നികുതി പോലെയല്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ ശുചിത്വ പരിപാടിയില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. സെസ്സിലൂടെ ലഭിക്കുന്ന തുക ശുചിത്വ പരിപാടികള്‍ക്ക് മാത്രമേ ചെലവാക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.
സ്വച്ഛ് ഭാരത് സെസ്സ് നിലവില്‍ വന്നതോടെ ഉയര്‍ന്ന ക്ലാസ്സിലുളള തീവണ്ടി യാത്രാ നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ വിജ്ഞാപനമിറക്കി. ഇന്നലെ മുതല്‍ ഒന്നാം ക്ലാസ്സിലും എല്ലാ എസി ക്ലാസ്സിലുമുളള യാത്രയ്ക്ക് 4.35 ശതമാനം വര്‍ധനവാണ് നിലവില്‍ വന്നത്. നവംബര്‍ 15നു മുമ്പ് വാങ്ങിയ ടിക്കറ്റിനും ജനറല്‍ സ്ലീപ്പര്‍ ക്ലാസ്സിലുളള യാത്രയ്ക്കും വര്‍ധന ബാധകമല്ല. സേവന നികുതി തീരുവ വര്‍ധനയിലൂടെയും സ്വച്ഛ് ഭാരത് സെസ്സ് നടപ്പാക്കിയതിലൂടെയും റെയില്‍വേക്ക് പ്രതിവര്‍ഷം 1000 കോടി രൂപയോളം വരുമാന വര്‍ധനവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it