wayanad local

ശീതകാല പച്ചക്കറിയുമായി തൃശ്ശിലേരി സ്‌കൂള്‍

മാനന്തവാടി: വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ വിഷമില്ലാത്ത പച്ചക്കറി ഉല്‍പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തൃശ്ശിലേരി ഗവ. ഹൈസ്‌കൂളില്‍ ശീതകാല ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. 50 സെന്റ് സ്ഥലത്താണ് പരിസ്ഥിതി ക്ലബ്ബിന്റെ 100 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കൃഷി ആരംഭിച്ചത്.
ഡ്രിപ്പ് സംവിധാനം സ്പ്രിംഗ്ലര്‍ എന്നിവ ഉപയോഗിച്ചാണ് കൃഷി. വാഴ, കാബേജ്, കോളിഫഌവര്‍, പാവല്‍, പയര്‍, ചീര തുടങ്ങി 15ഓളം ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ സ്‌കൂളിലെ ഭക്ഷണത്തിന് ആവശ്യമായ ചേമ്പ്, ചേന എന്നിവയെല്ലാം ആവശ്യാനുസരണം കൃഷി ചെയ്തിരുന്നു.
ആവശ്യമായ ജൈവവളം, ജൈവ കീടനാശിനി, ഡ്രിപ്പ്, സ്പ്രിംഗ്ലര്‍ എന്നിവയെല്ലാം തിരുനെല്ലി കൃഷിഭവനാണ് നല്‍കുന്നത്. ആവശ്യമായ പച്ചക്കറിത്തൈകള്‍ സമീപത്തെ നഴ്‌സറികളില്‍ നിന്നു മിതമായ വിലയ്ക്കു ശേഖരിക്കുന്നു.
ബാക്കിയുള്ള സ്ഥലത്ത് വെര്‍ട്ടിക്കിള്‍ ഫാമിങ് രീതിയില്‍ കൃഷി ചെയ്യാനാണുദ്ദേശ്യം. ഇതിനായുള്ള ഗ്രോബാഗുകള്‍ ശേഖരിച്ചു. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇത്തവണ തൃശ്ശിലേരിയിലെ വയലില്‍ ജൈവ നെല്‍കൃഷി നടത്തിയിരുന്നു. വിഷു, ഈസ്റ്റര്‍ വിപണി കൂടി ലക്ഷ്യമിട്ട് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
അധ്യാപകരും പിടിഎയും സംരംഭത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. ശീതകാല ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം തിരുനെല്ലി കൃഷി ഓഫിസര്‍ സി ഗുണശേഖരന്‍ നിര്‍വഹിച്ചു. ടി എ പുഷ്പ, എ എ ലൗലി, പി ഹരിദാസന്‍, വി പി രാമകൃഷ്ണന്‍, പി വി ശശിധരന്‍, സിജിത്ത്, വിഷ്ണു, ധന്യ സംബന്ധിച്ചു.
Next Story

RELATED STORIES

Share it