kasaragod local

ശിശുസംരക്ഷണ നിയമങ്ങള്‍: ജില്ലാതല പരിശീലനം ആരംഭിച്ചു

കാസര്‍കോട്: കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് തടയാനായി ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹികനീതി-വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓര്‍ഫനേജുകള്‍, ശിസുസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയിലെ ജീവനക്കാരെയും സുസജ്ജരാക്കുന്നതിന് വേണ്ടിസംരക്ഷണ സംവിധാനങ്ങളെക്കുറിച്ചും അവബോധ രൂപികരണ തീവ്രയത്‌ന പരിപാടി ആരംഭിച്ചു. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാതല പ്രവര്‍ത്തന സംവിധാനമായ ജില്ലാശിശുസംരക്ഷണ യൂനിറ്റിന്റെ സഹകരണത്തോടെ ചൈല്‍ഡ് ലൈന്‍ പാര്‍ട്ണര്‍ സംഘടനകളാണ് സ്റ്റേറ്റ് ഇനിഷേറ്റീവ് ഫോര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ എന്ന ബാനറില്‍ പരിപാടിക്ക് നേതൃത്വം വഹിക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിക്ക് ജില്ലാആശുപത്രിയിലെ ഡിഎംഒ കോണ്‍ഫറന്‍സ് ഹാളില്‍ തുടക്കം കുറിച്ചു.
ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ. എ പി ദിനേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ പി ബിജു അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ സപോര്‍ട്ട് ഡയരക്ടര്‍ കൂക്കാനം റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. ചൈല്‍ഡ് ലൈന്‍ നോഡല്‍ കോ-ഓഡിനേറ്റര്‍ അനീഷ് ജോസ്, ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ കോ-ഓഡിനേറ്റര്‍ കെ വി ലിഷ സംസാരിച്ചു. ആശാവര്‍ക്കര്‍മാര്‍ക്കുവേണ്ടിയുള്ള ആദ്യപരിപാടിയില്‍ അഡ്വ. എല്‍സി ജോര്‍ജ്ജ്, കൂക്കാനം റഹ്മാന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
അടുത്ത ദിവസങ്ങളിലായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ പ്രധാനാധ്യാപകര്‍, ഓര്‍ഫനേജിലെ കെയര്‍ടേക്കര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, മദ്‌റസ അധ്യാപകര്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം, ബാലനീതി നിയമം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കും.
Next Story

RELATED STORIES

Share it