ശിവസേനാ ഭീഷണി; ഇന്ത്യ-പാക് ക്രിക്കറ്റ് ചര്‍ച്ച മാറ്റിവച്ചു

മുംബൈ: ബിസിസിഐയുടെ ഓഫിസിലേക്ക് ഇരച്ചുകയറിയ ശിവസേനാ പ്രവര്‍ത്തകര്‍ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ചര്‍ച്ച അലങ്കോലമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ശശാങ്ക് മനോഹറിന്റെ ക്ഷണപ്രകാരം മുംബൈയിലെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഷെഹരിയാര്‍ ഖാനുമായി ബിസിസിഐ ഓഫിസില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് മുദ്രാവാക്യം വിളികളോടെ എത്തിയ ഇരുപതോളം വരുന്ന ശിവസേനാ പ്രവര്‍ത്തകര്‍ യോഗം തടഞ്ഞത്. പാക് വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ സംഘം, അയല്‍രാജ്യവുമായി ഒരുതരത്തിലുമുള്ള ക്രിക്കറ്റ് പരമ്പരയും അനുവദിക്കില്ലെന്ന് വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പത്തോളം പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് ചര്‍ച്ച ഇന്നത്തേക്കു മാറ്റിവച്ചു.  വീണ്ടും തടയുമെന്ന് ശിവസേന അറിയിച്ചിരിക്കുന്നതിനാല്‍ ഡല്‍ഹിയിലായിരിക്കും ഇന്നത്തെ ചര്‍ച്ച നടക്കുക. ക്രിക്കറ്റ് ചര്‍ച്ച തടഞ്ഞതിനു പിന്നാലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് എത്തിയ പാക് ക്രിക്കറ്റ് അംപയര്‍ക്കെതിരേയും ശിവസേന ഭീഷണി മുഴക്കി. 25നു നടക്കുന്ന അഞ്ചാം ഏകദിനം ഉപേക്ഷിച്ച് ഇന്ത്യ  വിട്ടുപോകണമെന്നാണ് ഐസിസി അംപയര്‍മാരുടെ എലൈറ്റ് പാനലിലെ അംഗവും മുന്‍ പാക് താരവുമായ അലീം ദാറിനോട് ശിവസേന ആവശ്യപ്പെട്ടത്്. നേരത്തേ പാക് ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിക്കെതിരേയും പാക് മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തിനെതിരേയും ശിവസേന രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it