ശിവഗിരി തീര്‍ത്ഥാടനത്തിന്  നാളെ തിരിതെളിയും

വര്‍ക്കല: 83ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെ തിരിതെളിയും. രാവിലെ 9.30ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശിഷ്ടാതിഥിയാവും. നാളെ പുലര്‍ച്ചെ 7.30ന് സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തും.
ഉദ്ഘാടനസമ്മേളനത്തില്‍ സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി മുഖ്യാതിഥിയായിരിക്കും. സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രി കെ ബാബു, എം എ യുസുഫലി, സുധീര്‍കുമാര്‍ ഷെട്ടി, ജോസ് കെ മാണി എംപി, ഗോകുലം ഗോപാലന്‍ എന്നിവര്‍ സംസാരിക്കും. വിദ്യാഭ്യാസ സെമിനാറില്‍ ഡോ. ഫസല്‍ ഗഫൂര്‍, ഡോ. ബി അശോക്, സാറാ ജോസഫ് എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ഒരുമണിക്കുള്ള ആരോഗ്യ ശുചിത്വ സമ്മേളനം ശ്രീലങ്കന്‍ മന്ത്രി മനോ ഗണേശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനാവും. കൊടിക്കുന്നില്‍ സുരേഷ് എംപി, ഡോ. കെ ഇളങ്കോവന്‍ എന്നിവര്‍ സംസാരിക്കും.
വൈകീട്ട് 3ന് കാര്‍ഷിക കൈത്തൊഴില്‍ സമ്മേളനം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ സി ജോസഫ്, ബിനോയ് വിശ്വം, മോന്‍സ് ജോസഫ്, ഡോ. ജി രാജേന്ദ്രന്‍, വൈ എ റഹീം സംസാരിക്കും. 31ന് പുലര്‍ച്ചെ 5.30ന് തീര്‍ത്ഥാടക ഘോഷയാത്ര ആരംഭിക്കും. 11ന് തീര്‍ത്ഥാടന മഹാസമ്മേളനം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ പി സദാശിവം അധ്യക്ഷനാവും. സ്വാമി പ്രകാശനന്ദ തീര്‍ത്ഥാടന സന്ദേശം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ ബാബു, ഗോവയിലെ മന്ത്രി രാമകൃഷ്ണ എം ദൗളികര്‍, എംപിമാരായ ഡോ. എ സമ്പത്ത്, കെ സി വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് ഒരുമണിക്ക് വ്യാവസായിക സമ്മേളനം കര്‍ണാടക ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വര ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിന് രാവിലെ 9ന് ലഹരിവിരുദ്ധ സമ്മേളനം അന്നാ ഹസാരെ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എന്‍ ശക്തന്‍ അധ്യക്ഷനാവും. വൈകീട്ട് 5നു നടക്കുന്ന സമാപനസമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it