Flash News

ശിരോവസ്ത്രം: സിബിഎസ്ഇ നിര്‍ദേശം ഭരണഘടനാവിരുദ്ധമെന്നു ഹൈക്കോടതി

ശിരോവസ്ത്രം:  സിബിഎസ്ഇ നിര്‍ദേശം ഭരണഘടനാവിരുദ്ധമെന്നു ഹൈക്കോടതി
X
highcourtinfo

ഷബ്‌ന  സിയാദ്

കൊച്ചി: സിബിഎസ്ഇ നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കു ശിരോവസ്ത്രം ധരിക്കാനും കൈ മറയ്ക്കാനും ഹൈക്കോടതി അനുമതി നല്‍കി. മതവിശ്വാസത്തിന്റെ ഭാഗമായാണു നടപടി. ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ അരമണിക്കൂര്‍ മുമ്പ് റിപോര്‍ട്ട് ചെയ്യണം.
ശിരോവസ്ത്രം അഴിച്ച് പരിശോധന നടത്താന്‍ പരീക്ഷാ നിരീക്ഷകര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ പരിശോധന മതവികാരം മാനിച്ചായിരിക്കണം. സ്ത്രീകളായിരിക്കണം പെണ്‍കുട്ടികളെ പരിശോധിക്കേണ്ടത്. മതവിശ്വാസം പുലര്‍ത്തുന്ന എല്ലാ പരീക്ഷാര്‍ഥികള്‍ക്കും വിധി ബാധമകാണെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തിയതിനെതിരേ കഴിഞ്ഞവര്‍ഷം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനി അമാന്‍ ബിന്‍ത് ബഷീര്‍ സമര്‍പ്പിച്ച ഹരജിയിലാണു കോടതിയുടെ സുപ്രധാനമായ വിധി.
ഇത്തവണത്തെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ മെയ് ഒന്നിനു നടക്കും. ഈ പരീക്ഷയ്ക്കും സിബിഎസ്ഇ ഡ്രസ്‌കോഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഹാഫ് സ്ലീവ് ഷര്‍ട്ട്, ടീ ഷര്‍ട്ട് അല്ലെങ്കില്‍ കുര്‍ത്ത. അതോടൊപ്പം പാന്റ്‌സ് അല്ലെങ്കില്‍ സല്‍വാര്‍. ഷൂവോ, ഹാഫ് ഷൂവോ അനുവദിക്കില്ല. സ്ലിപ്പര്‍ മാത്രമേ ധരിക്കാവൂ. ശിരോവസ്ത്രം ധരിക്കുന്നത് തടയണം തുടങ്ങിയവയാണ് സിബിഎസ്ഇയുടെ നിര്‍ദേശങ്ങള്‍. ഇത് ഭരണഘടനാപരമായി മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും അതിനാല്‍ സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. മുസ്‌ലിം സ്ത്രീകള്‍ക്കു മതവിശ്വാസപ്രകാരം മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറയ്ക്കാനും അതു പാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നു കോടതി ഉത്തരവില്‍ പറയുന്നു.
ഭരണഘടനയുടെ അനുച്ഛേദം 25 (1) പ്രകാരം മതപരമായ ആചാരങ്ങള്‍ക്ക് അനുമതിനല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 25 (1) മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നു. പൊതുനിയമത്തിനും ധാര്‍മികതയ്ക്കും വിധേയമായി എല്ലാ വ്യക്തികള്‍ക്കും സ്വന്തം മനസ്സാക്ഷി പരിപാലിക്കുന്നതിനും മതാനുഷ്ഠാനം നടത്താനും സ്വാന്തന്ത്ര്യമുണ്ട്. കോപ്പിയടി തടയുന്നതിനാണു മതവിശ്വാസത്തെ ഹനിക്കുന്ന  മാര്‍ഗനിര്‍ദേശങ്ങള്‍ സിബിഎസ്ഇ പുറപ്പെടുവിച്ചത്. സിബിഎസ്ഇയുടെ വാദത്തെ ചെറുതായി കണക്കാക്കാനാവില്ലെങ്കിലും ഇത്തരം വിലക്കുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
എന്നാല്‍, കോപ്പിയടി തടയുന്നതിനായി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സ്‌കാര്‍ഫും ഫുള്‍സ്ലീവും അനുവദിക്കുന്നതു പരീക്ഷാ നടത്തിപ്പില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സിബിഎസ്ഇ ബോധിപ്പിച്ചു.  എന്നാല്‍, മതവിശ്വാസത്തിന് തടസ്സം സൃഷ്ടിക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ പരീക്ഷ നടത്തണം. കഴിഞ്ഞവര്‍ഷം കോടതിയെ സമീപിച്ചവര്‍ക്കു പരീക്ഷാവേളയില്‍ ശിരോവസ്ത്രം അണിയാന്‍ അനുമതിനല്‍കിയിരുന്നു. ഈ വര്‍ഷം അര്‍ഹരായ എല്ലാവര്‍ക്കും ഈ സ്വാതന്ത്ര്യം അനുവദിക്കണം. ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തരത്തില്‍ അടുത്തവര്‍ഷം മുതല്‍ നിബന്ധനകളുണ്ടാക്കണം. പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ പ്രോസ്‌പെക്റ്റസില്‍ ഇവ രേഖപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. ഹരജിക്കാര്‍ക്കു മാത്രമായി ഉത്തരവ് പുറപ്പെടുവിക്കുന്നത് മറ്റു മതവിശ്വാസികള്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്നതിനു തുല്യമാവും. അതിനാല്‍ മതവിശ്വാസികളുടെ സ്വാതന്ത്ര്യം തടയാനാവില്ലെന്നു വ്യക്തമാക്കിയാണ് എല്ലാവര്‍ക്കുമായി വിധി ബാധകമാക്കിയത്. ഹരജിക്കാരിക്കുവേണ്ടി അഡ്വ. ഷമീം അഹ്മദ് ഹാജരായി.
അതേസമയം,  വിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന ശിരോവസ്ത്രത്തിനു വിലക്കില്ലെന്ന് സിബിഎസ്ഇ അധികൃതര്‍ ഡല്‍ഹിയില്‍ അറിയിച്ചു. വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്. ഇവര്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും വന്നു പരിശോധനയ്ക്കു വിധേയമാവണം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ആക്റ്റിങ് ചെയര്‍മാന്‍ ശേശുകുമാര്‍വ്യക്തമാക്കി.
Next Story

RELATED STORIES

Share it