ശിയാ പണ്ഡിതന്റെ വധശിക്ഷ 11സൗദി സുപ്രിംകോടതി ശരിവച്ചു

റിയാദ്: ശിയാ പണ്ഡിതനും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതാവുമായ നിംറ് അന്നിംറിന്റെ വധശിക്ഷ സൗദി സുപ്രിംകോടതി ശരിവച്ചതായി സഹോദരന്‍ മുഹമ്മദ് നിംറാനിനെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. സുപ്രിംകോടതിയും വധശിക്ഷ ശരിവച്ചതോടെ സൗദി രാജാവ് സല്‍മാന്‍ വധശിക്ഷ നടപ്പാക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. വധശിക്ഷ നടപ്പാക്കിയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നു നിംറാന്‍ മുന്നറിയിപ്പു നല്‍കി.
തന്റെ സഹോദരന്റെയും മറ്റ് ആറു പേരുടെയും വധശിക്ഷ റദ്ദാക്കി രാജാവ് പക്വത കാണിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും നിംറാന്‍ കൂട്ടിച്ചേര്‍ത്തു. അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ പ്രവിശ്യകളില്‍ രൂപപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തുവെന്ന കുറ്റത്തില്‍ അറസ്റ്റിലായവരില്‍ തന്റെ മകനുള്‍പ്പെടെ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
ശിയാ നേതാവിനെതിരേയുള്ള വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടിട്ടുണ്ട്. ശെയ്ഖ് നിംറിന്റെ വധശിക്ഷ മോശമായ അനന്തരഫലം സൗദിയിലുണ്ടാക്കുമെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഹുസയ്ന്‍ ആമിര്‍ അബ്ദുല്ലഹിയാന്‍ പറഞ്ഞു. സൗദിയിലെ ശിയാ ഭൂരിപക്ഷ പ്രദേശങ്ങളായ ഖതീഫും അല്‍ഇഹ്‌സയും ബഹ്‌റയ്‌നിലെ ശിയാ ഭൂരിപക്ഷ പ്രദേശങ്ങളോട് കൂട്ടിച്ചേര്‍ക്കണമെന്നു ശെയ്ഖ് നിംറ് 2009ല്‍ ആഹ്വാനം ചെയ്തിരുന്നു. രാജ്യദ്രോഹം, ആയുധം കൈവശംവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ വര്‍ഷം റിയാദിലെ പ്രത്യേക കോടതിയാണ് ശെയ്ഖിനു വധശിക്ഷ വിധിച്ചത്.
Next Story

RELATED STORIES

Share it