ശിഥിലീകരണത്തിലൂടെ സമാധാനം

ശാംലാല്‍

ഒരാഴ്ച മുമ്പ് ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന മുസ്‌ലിം മഹാസമ്മേളനം കേരളത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെപോയ ഒരു സംഭവമായിരുന്നു. മാറുന്ന ഭാരതത്തില്‍ നിന്ന് ഒറ്റപ്പെട്ട തുരുത്തല്ലാത്തതിനാല്‍ രാജധാനിയില്‍ നിന്നു വരുന്ന വാര്‍ത്തകള്‍ നാം മലയാള നാട്ടുകാരും ശ്രദ്ധിച്ചേപറ്റൂ. 'ഓള്‍ ഇന്ത്യ തന്‍സീം ഉലമായെ ഇസ്‌ലാം' എന്ന പണ്ഡിത വിശേഷണമുള്ള സംഘടനയുടെ ഭീകരവിരുദ്ധ സമ്മേളനമാണു സംഭവം. സംഘാടകര്‍ ഉലമായെ ഇസ്‌ലാം ആയതിനാലാവാം, മുസ്‌ലിം ഭീകരവാദം മാത്രമാണു ചര്‍ച്ചാവിഷയമായത്. ഇന്ത്യയിലെ മുസ്‌ലിംകളുടെ മാത്രമല്ല, മുഴുവന്‍ പൗരന്‍മാരുടെയും ഉറക്കം കെടുത്തി മുന്നേറുന്ന സംഘപരിവാര ബ്രാന്‍ഡ് ഹിന്ദുത്വ ഭീകരവാദം സംഘാടകര്‍ക്കു വിഷയമായില്ല. സ്വാഭാവികമായും അങ്ങനെയല്ലാതെ സംഭവിക്കാന്‍ തരമില്ലായിരുന്നു.
ഒരു ഇംഗ്ലീഷ് ദിനപത്രം സമ്മേളന വാര്‍ത്തയ്ക്കു നല്‍കിയ ശീര്‍ഷകം പ്രഖ്യാപിത തലത്തിലൊളിപ്പിച്ച യഥാര്‍ഥ ഉദ്ദേശ്യം വിളിച്ചോതുന്നതായിരുന്നു: 'ഭീകരതാവിരുദ്ധ സമ്മേളനം വഹാബിവിരുദ്ധ ഘോഷണങ്ങളുടെ വേദിയായി മാറി. സമ്മേളനത്തിലെ പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും ഇങ്ങനെ സംഗ്രഹിക്കാം. 'സാമൂഹിക വിപ്ലവത്തിന്റെ വിലാസത്തില്‍ സലഫി ആശയക്കാര്‍ വിവിധ തീവ്രവാദ സംഘങ്ങളുണ്ടാക്കി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവയുടെ പ്രവര്‍ത്തനങ്ങള്‍ ദേശസുരക്ഷയ്ക്കു ഭീഷണിയായതിനാല്‍ നിരോധിക്കപ്പെടണം. തീവ്രവാദം ശക്തിപ്പെടാതിരിക്കാന്‍ വിദ്യാലയങ്ങളിലെ സിലബസുകളില്‍ ബറേല്‍വി ആശയങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം. വഖ്ഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ സര്‍ക്കാര്‍ സമിതികളിലെ സലഫി ദയൂബന്ദി സ്വാധീനം ഇല്ലാതാക്കണം. സൗദി അറേബ്യ- ഖത്തര്‍ സര്‍ക്കാരുകളുടെ പെട്രോഡോളര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇന്ത്യയിലെ മതതീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്.
ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ക്കു വേണ്ടിയുള്ള സമ്മേളനങ്ങളാണ് ഇത്തരം വിദേശഫണ്ടുകള്‍ കൊണ്ടു സംഘടിപ്പിക്കന്നത്. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെ അമര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഫതഹ് അല്‍സീസിയുടെ സര്‍ക്കാരിന് ഇന്ത്യാ ഗവണ്‍മെന്റ് സര്‍വ പിന്തുണയും നല്‍കണം. മുസ്‌ലിം തീവ്രവാദത്തെ നേരിടുന്ന കാര്യത്തില്‍ റഷ്യയില്‍ നിന്നും ചെച്‌നിയയില്‍ നിന്നും നമ്മുടെ സര്‍ക്കാര്‍ പാഠങ്ങള്‍ സ്വീകരിക്കണം.' ഇത്രയും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത സന്ദേശങ്ങള്‍. പണ്ഡിത വേഷങ്ങളും സ്ഥാനങ്ങളും അലങ്കരിച്ചിട്ടുള്ള ഒരു സംഘത്തിന്, ഉത്തരേന്ത്യന്‍ മുസ്‌ലിംകളിലെ വലിയൊരു വിഭാഗം പിന്തുടരുന്ന ബറേല്‍വി ചിന്താധാരയുടെ പ്രാതിനിധ്യം അവകാശപ്പെട്ടുകൊണ്ട്, തങ്ങളുടെ നിലപാടുകള്‍ ഈയറ്റം വരെ കൊണ്ടുചെന്ന് എത്തിക്കാമോയെന്നു സംശയിച്ചേക്കാം. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ സംഘപരിവാര അജണ്ടയുടെ കരുക്കളായി പിളര്‍ത്തിക്കളിക്കാനുള്ള കര്‍മപദ്ധതിയിലെ ഏറ്റവും പുതിയ എപിസോഡാണ് പരാമൃഷ്ട മുസ്‌ലിം തീവ്രവാദി-വഹാബി -ദയൂബന്ദി വിരുദ്ധ ഉലമാ തന്‍സീമും മജ്‌ലിസും.
ഡല്‍ഹി സമ്മേളനത്തെ തികച്ചും സ്വാഭാവികമാക്കുന്നത് അതിന്റെ പശ്ചാത്തലമാണ്. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ 40 ബറേല്‍വി ഉലമാക്കളുടെ ഒരു മഹാസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെന്നുകണ്ടിരുന്നു, തീവ്രഹിന്ദുത്വ സര്‍ക്കാരിന്റെ മുസ്‌ലിം തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ക്ക് സര്‍വാത്മനായുള്ള പിന്തുണയറിയിക്കാന്‍. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഒരുപക്ഷേ ഈ ഉലമാക്കളെക്കാള്‍ നന്നായി പഠിച്ചിട്ടുള്ള ആര്‍എസ്എസ് മുന്‍ പ്രചാരകന്‍ കൂടിയായ പ്രധാനമന്ത്രി അവരോടു പ്രസ്താവിച്ചതിങ്ങനെ: മുസ്‌ലിംകള്‍ക്കിടയിലെ മതതീവ്രവാദത്തെ പരാജയപ്പെടുത്താന്‍ ബറേല്‍വി ആശയസംഹിത പ്രചരിപ്പിക്കണം. നിങ്ങള്‍ സൂഫികളും പുണ്യാത്മാക്കളും ഇതിനുവേണ്ടി സജീവമായി രംഗത്തിറങ്ങണം. ആ സന്ദര്‍ശനത്തിന്റെയും പരസ്പര ധാരണയുടെയും തുടര്‍പ്രവര്‍ത്തനമായിരുന്നു ഡല്‍ഹിയിലെ സമ്മേളനം. രാജാവിനെക്കാള്‍ രാജഭക്തി പ്രകടിപ്പിക്കുന്നതാണല്ലോ വിശ്വസ്ത വിധേയത്വം. അതിനാല്‍ രാജാവ് കുനിഞ്ഞുനടക്കാന്‍ പറഞ്ഞപ്പോള്‍ ആശ്രിതര്‍ മുട്ടിലിഴഞ്ഞു നീങ്ങിയെന്നു മാത്രം. തങ്ങളുടെ ഭാഗമല്ലാത്ത മുഴുവന്‍ മുസ്‌ലിം സംഘടനകളെയും നിരോധിക്കുന്നതിനും മുസ്‌ലിംകള്‍ക്കായുള്ള മുഴുവന്‍ സര്‍ക്കാര്‍ സമിതികളില്‍ നിന്നും അവരെയെല്ലാം പുറത്താക്കുന്നതിനും കടമ്പകള്‍ ഏറെയുണ്ടെന്ന് സര്‍ക്കാരിന് അറിയാം. അതറിഞ്ഞുകൊണ്ടു തന്നെ, മുസ്‌ലിംകള്‍ ശിഥിലീകരിക്കപ്പെടണമെന്ന അജണ്ട മുന്‍നിര്‍ത്തി സംഘപരിവാരം ഇത്തരം ആവശ്യങ്ങള്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കും. എന്നാല്‍, ഐഎസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെയും ഖത്തറിലെയും സര്‍ക്കാരുകളെ വഹാബി വിദ്വേഷത്തിന്റെ പേരില്‍ മാത്രം സ്വന്തം പണ്ഡിതാശ്രിതര്‍ പ്രതിക്കൂട്ടിലാകുന്നതിനെ അംഗീകരിക്കാന്‍ മോദി സര്‍ക്കാരിനും നയതന്ത്ര ബുദ്ധിമുട്ടുണ്ടാവും.
ആര്‍എസ്എസിന്റെ കുറ്റിച്ചൂലുകളും കമ്പിപ്പാരകളുമെന്ന കുലധര്‍മം നിര്‍വഹിക്കുന്ന പണ്ഡിത വേഷധാരികളുടെയും ആത്മീയ സ്ഥാനീയരുടെയും നിരവധി വകഭേദങ്ങള്‍ കാലാകാലങ്ങളില്‍ അവതരിച്ചിട്ടുണ്ട്. അവയില്‍ ചിലത് താല്‍കാലിക ധര്‍മം നിറവേറ്റി അപ്രത്യക്ഷമായി. ചിലതു നിലനില്‍ക്കുന്നു. ഈ മുസ്‌ലിം മേല്‍വിലാസ സംഘങ്ങളെ വഴികാട്ടുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആര്‍എസ്എസിന്റെ ഒരു പ്രഖ്യാപിത പോഷക വിഭാഗമുണ്ട്. ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഇന്ദ്രേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മുസ്‌ലിം രാഷ്ട്രീയ മഞ്ച്. 2002ല്‍ അന്നത്തെ സര്‍സംഘ് ചാലക് സുദര്‍ശന്റെ സാന്നിധ്യത്തില്‍ ഇഫ്താര്‍ വിരുന്നിലൂടെയാണു തുടക്കം. അക്രമാസക്ത ഇസ്‌ലാമിനെതിരേ ശാന്തിദായക ഇസ്‌ലാം എന്ന സന്ദേശത്തിലേക്കും ആത്യന്തികമായി സംഘപരിവാര കുടിക്കീഴിലേക്കും മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ കൊല്ലംതോറും മുസ്‌ലിം ദേശീയ കണ്‍വന്‍ഷനുകള്‍ നടത്തിവരുന്നു. പക്ഷേ, മുസ്‌ലിം സമുദായത്തിലെ സത്യസന്ധതയും വിശ്വാസ്യതയും നിലനിര്‍ത്തുന്ന ഘടകങ്ങളെ വരുതിയിലാക്കുന്നതില്‍ ഇവ പരാജയപ്പെടുകയാണു ചെയ്തിട്ടുള്ളത്. ഒരര്‍ഥത്തില്‍ സുന്നി-ശിയാ ഭിന്നതകളും ആക്രമണങ്ങളും ആളിക്കത്തിക്കുന്ന പടിഞ്ഞാറിന്റെ തനി പകര്‍പ്പുകളാണ് നാം ഇന്ത്യയിലും കാണുന്നത്. ഇന്ത്യയില്‍ സുന്നി-ശിയാ സംഘര്‍ഷത്തിന് സാധ്യത വിരളമായതിനാല്‍ സൂഫി-സലഫി കാര്‍ഡ് കളിക്കുന്നുവെന്നു മാത്രം. മുസ്‌ലിം തീവ്രവാദം ചെറുക്കാനെന്ന പേരില്‍, സംഘപരിവാരം സലഫി വിഭാഗത്തെ കൂടെക്കൂട്ടുന്നതും നാം കാണുന്നുണ്ടല്ലോ. ഒരു പതിറ്റാണ്ടു മുമ്പ് സദ്ദാം ഹുസയ്‌നെ അപരസ്ഥാനത്തു പ്രതിഷ്ഠിച്ച് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രയോഗിച്ച അതേ രാസായുധം ആവര്‍ത്തിക്കപ്പെടുകയാണ്. ഇസ്‌ലാം രണ്ടുവിധമുണ്ട്. തീവ്രവാദ ഇസ്‌ലാമും മിതവാദ ഇസ്‌ലാമും. ഞാന്‍ ബുഷ് മിതവാദത്തിന്റെ അപോസ്തലന്‍. അവന്‍ സദ്ദാം തീവ്രവാദത്തിന്റെ കുന്തമുന. അതിനാല്‍ സര്‍വലോക മുസ്‌ലിംകളും എന്നോടൊപ്പം ചേരുക. ഇല്ലെങ്കില്‍ ഭവിഷ്യത്ത് ഏറ്റുവാങ്ങിക്കൊള്ളുക.
സംഘപരിവാരത്തിന്റെ കാലത്ത് ഇന്ത്യന്‍ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന സാഹചര്യവും വ്യത്യസ്തമല്ല. അതേ വിചാരധാര, അതേ രീതിശാസ്ത്രം. ഒന്നുകില്‍ മുസ്‌ലിം രാഷ്ട്രീയ മഞ്ചില്‍ ചേരുക. അല്ലെങ്കില്‍ മുസ്‌ലിം തീവ്രവാദ സംഘങ്ങളോടൊപ്പം നില്‍ക്കുന്നതിന്റെ ഭവിഷ്യത്ത് ഏറ്റുവാങ്ങിക്കൊള്ളുക. മതഭൂരിപക്ഷത്തിന്റെ വാഴ്ചയില്‍ മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ തലയുയര്‍ത്തി ജീവിക്കാന്‍ പാടില്ല. സ്വദേശിയും വിദേശിയുമായ എല്ലാ ഭീകരതകളെയും നിരാകരിച്ച് സ്വയം ശാക്തീകരണം കൈവരിക്കാന്‍ സാധിക്കണമെങ്കില്‍, ഇന്ത്യയിലെ മുസ്‌ലിം നേതൃത്വങ്ങള്‍ക്ക് ഭിന്നിപ്പിന്റെ ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ കഴിയണം.
Next Story

RELATED STORIES

Share it