ശാസ്‌ത്രോല്‍സവം: കണ്ണൂരിന് കിരീടം

കൊല്ലം: നാലു ദിവസമായി കൊല്ലത്ത് നടന്നുവന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തിന് കൊടിയിറങ്ങി. ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിലെ ഓവറോള്‍ ഉള്‍പ്പെടെ 44,684 പോയിന്റ് നേടി കണ്ണൂരാണ് ജേതാക്കളായത്. അതേസമയം, പ്രവൃത്തിപരിചയമേള തല്‍സമയത്തില്‍ ജേതാക്കളായെങ്കിലും പ്രദര്‍ശനത്തില്‍ പങ്കെടുക്കാത്തതിനാല്‍ ഓവറോള്‍ കൈവിട്ടു. ആതിഥേയരായ കൊല്ലമാണ് പ്രവൃത്തിപരിചയമേളയില്‍ കിരീടം നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോട് 44180 പോയിന്റോടെ രണ്ടാംസ്ഥാനത്തെത്തി. സാമൂഹ്യശാസ്ത്രമേളയില്‍ ഓവറോള്‍ നേടിയ തൃശൂര്‍ 43,327 പോയിന്റോടെ മൂന്നാംസ്ഥാനത്തെത്തി. മലപ്പുറവും (42882), പാലക്കാടും (42877) യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പ്രവൃത്തിപരിചയമേളയിലെ തല്‍സമയ മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 43,968 പോയിന്റ് നേടി കണ്ണൂരായിരുന്നു മുന്നില്‍. പ്രദര്‍ശനമല്‍സരത്തില്‍ പങ്കെടുക്കാഞ്ഞതാണ് ഈ വിഭാഗത്തില്‍ ഓവറോള്‍ നഷ്ടമാവാന്‍ കാരണം.
ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മലപ്പുറത്തിനാണ് രണ്ടാംസ്ഥാനം. സാമൂഹ്യശാസ്ത്രമേളയില്‍ 178 പോയിന്റോടെ തൃശൂര്‍ ഒന്നാമതെത്തിയപ്പോള്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ കോഴിക്കോട് രണ്ടാമതെത്തി. ഐടി മേളയില്‍ 89 പോയിന്റോടെ മലപ്പുറം ഒന്നാമതെത്തി. കോട്ടയത്തിനാണ് രണ്ടാംസ്ഥാനം. ഇന്നലെ നടന്ന സമാപനസമ്മേളനത്തില്‍ സി ദിവാകരന്‍ എംഎല്‍എ ട്രോഫികള്‍ വിതരണം ചെയ്തു. സമ്മേളനം കെ എന്‍ ബാലഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ അധ്യക്ഷത വഹിച്ചു. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡീഷനല്‍ ഡിപിഐ വി എല്‍ വിശ്വലത, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ഷീബ, കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഐ അഗസ്റ്റിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it