ശാസ്ത്രീയ സംഗീതത്തില്‍ പരീക്ഷണമാവാം: അനുഷ്‌ക

തിരുവനന്തപുരം: ശാസ്ത്രീയ സംഗീതം നിശ്ചലമല്ലെന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന അതില്‍ പരീക്ഷണങ്ങള്‍ സ്വാഭാവികമാണെന്നും ലോകപ്രശസ്ത സിത്താറിസ്റ്റ് അനുഷ്‌ക ശങ്കര്‍. ജനപ്രിയ സംഗീതത്തില്‍നിന്ന് ശാസ്ത്രീയ സംഗീതത്തിലേക്ക് ഒന്നും കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ലെന്നും അനുഷ്‌ക വ്യക്തമാക്കി. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ആരംഭിക്കുന്ന നിശാഗന്ധി നൃത്തസംഗീതോല്‍സവത്തിലെ ഉദ്ഘാടന പരിപാടി അവതരിപ്പിക്കുന്ന അനുഷ്‌ക മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അന്തരിച്ച പ്രശസ്ത സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ പുത്രിയായ അനുഷ്‌കയുടെ ഈ സീസണിലെ അവസാനത്തെ പരിപാടിയാണ് തിരുവനന്തപുരത്തേത്. ശാസ്ത്രീയ സംഗീതത്തിന് കൂടുതല്‍ പ്രോല്‍സാഹനവും സാമ്പത്തിക സഹായവും നല്‍കേണ്ടതുണ്ടെന്ന് അനുഷ്‌ക പറഞ്ഞു. തന്റെ ഒന്നാംഭാഷ ശാസ്ത്രീയ സംഗീതമാണ്. തുടര്‍ച്ചയായ അന്വേഷണമാണ് താന്‍ അതില്‍ നടത്തുന്നത്.
ഹിന്ദുസ്ഥാനിയിലേക്ക് കര്‍ണാടക സംഗീതത്തിലെ എന്തെങ്കിലും ഉള്‍ക്കൊള്ളിക്കാനാവുമോ എന്നു നോക്കുന്നുണ്ട്. ഓരോ തലമുറയും അതിന്റേതായ സംഭാവനകള്‍ നല്‍കുന്നതുകൊണ്ടാണ് ശാസ്ത്രീയ സംഗീതം വളര്‍ന്നുകൊണ്ടേയിരിക്കുന്നതെന്നും അനുഷ്‌ക പറഞ്ഞു. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ അനുഷ്‌ക രണ്ടു വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലേക്കു വന്നത്. ജി കമലവര്‍ധന റാവു, പി ഐ ഷെയ്ക്ക് പരീത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it