kasaragod local

ശാസ്ത്രീയ കുറ്റാന്വേഷണത്തിന് പോലിസ് മ്യൂസിയം തുടങ്ങി

കാസര്‍കോട്: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമാന രീതിയിലുള്ള കേസുകളുടെ അന്വേഷണത്തിനെ സഹായിക്കുന്നതിനായി കാസര്‍കോട്ട് പോലിസ് മൂസിയം ആരംഭിച്ചു. ജില്ലാ പോലിസ് ചീഫിന്റെ നിയന്ത്രണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലാണ് മ്യൂസിയം ആരംഭിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുബ്രഹ്മണ്യനാണ് മ്യൂസിയത്തിന്റെ മേല്‍നോട്ടം.
ആദ്യഘട്ടത്തില്‍ മൂന്നു ഡമ്മികളാണ് മ്യൂസിയത്തില്‍ എത്തിയത്. ബലാല്‍സംഗത്തിനു ഇരയായി ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തിന്റെ പ്രതിമ, ഫാനില്‍ തൂങ്ങി മരിച്ച ആളുടെ പ്രതിമ, വാഹനാപകടത്തില്‍ മരണപ്പെട്ടയാളുടെ ജഡത്തിന്റെ പ്രതിമ എന്നിവയാണ് ഇപ്പോള്‍ മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.
സംഭവം നടന്ന സ്ഥലത്തിന്റെ പശ്ചാത്തലവും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. കൊല്ലപ്പെടുന്ന ആളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടയില്‍ ഉണ്ടാകുന്ന അപര്യാപ്തകളാണ് അന്വേഷണത്തെ പലപ്പോഴും ദുര്‍ഘട സന്ധിയിലാക്കാറുള്ളത്.
ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിലെ പിഴവ് കൊണ്ടുമാത്രം കേസ് തെളിയിക്കാനാകാത്ത ചരിത്രം കേസ് അന്വേഷണ ചരിത്രത്തിലുണ്ട്. ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്കും കോളിളക്കങ്ങള്‍ക്കും ഇടയാക്കാറുമുണ്ട്.
ഇത്തരമൊരു സ്ഥിതി ഇല്ലാതാക്കാന്‍ പോലിസിനെ സജ്ജമാക്കുകയാണ് മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യം. ആഭ്യന്തര വകുപ്പാണ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചത്.
മ്യൂസിയത്തില്‍ ഇതിനകം തന്നെ 250ല്‍പരം പോലിസുകാര്‍ക്ക് കേസ് അന്വേഷണത്തിനു മഹസര്‍ തയ്യാറാക്കുന്നതിനുമുള്ള പരിശീലനം നല്‍കി.
Next Story

RELATED STORIES

Share it