ശാസ്ത്രജ്ഞരെ ആക്രമിക്കാന്‍ ലശ്കര്‍ പദ്ധതിയിട്ടു: ഹെഡ്‌ലി

മുംബൈ: മുംബൈ ആക്രണത്തിന് ഒരു വര്‍ഷം മുമ്പ് താജ് ഹോട്ടലില്‍ ഇന്ത്യന്‍ പ്രതിരോധവകുപ്പിലെ ശാസ്ത്രജ്ഞരെ ആക്രമിക്കാന്‍ ലശ്കറെ ത്വയ്യിബ പദ്ധതിയിട്ടെന്ന് ഡേവിഡ് ഹെഡ്‌ലി. താജ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആയുധമെത്തിക്കാനും മറ്റും പ്രയാസമായതിനാല്‍ ആക്രമണത്തില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍നിന്ന് ചാരന്മാരെ കണ്ടെത്താന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും മുംബൈ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹെഡ്‌ലി മൊഴി നല്‍കി.
നാവികകേന്ദ്രത്തിലും സിദ്ധിവിനായക ക്ഷേത്രത്തിലും താന്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. 2007 നവംബറിലും ഡിസംബറിലും മുസഫറാബാദില്‍ സാജിദ് മിര്‍, അബു കഹ്ഫ എന്നിവര്‍ പങ്കെടുത്ത ലശ്കറെ ത്വയ്യിബയുടെ യോഗത്തിലാണ് മുംബൈ ആക്രമണം തീരുമാനിച്ചത്. ആക്രമണത്തിന് ഉത്തരവാദി ലശ്കറെ ത്വയ്യിബ എന്ന സംഘടനയാണ്. ലശ്കറെ ത്വയ്യിബയ്ക്കും ജയ്‌ശെ മുഹമ്മദിനും ഹിസ്ബുല്‍ മുജാഹിദീനും ഐഎസ്‌ഐ സാമ്പത്തികവും സൈനികവും ധാര്‍മികവുമായ പിന്തുണ നല്‍കിയിരുന്നുവെന്നും ഹെഡ്‌ലി വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it