ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണ സാധ്യത പഠിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി

തിരുവനന്തപുരം: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള തുടരന്വേഷണ സാധ്യത സംബന്ധിച്ച് പരിശോധിക്കാന്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി പി കെ മധുവിനു ചുമതല നല്‍കി എഡിജിപി എസ് അനന്തകൃഷ്ണനാണ് ഉത്തരവിറക്കിയത്. ശാശ്വതീകാനന്ദയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളുമാണ് എറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റ് പരിശോധിക്കുക.

പുതിയ വെളിപ്പെടുത്തലുകള്‍ നേരത്തേ അന്വേഷിച്ചതാണോ എന്നു പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് എസ്പി പി കെ മധുവിന് എഡിജിപി പ്രധാനമായും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഡയറി പരിശോധിച്ച് സാക്ഷിമൊഴികള്‍ എസ്പി വിലയിരുത്തും. എസ്പിയുടെ റിപോര്‍ട്ട് പരിശോധിച്ച ശേഷം തുടരന്വേഷണം സംബന്ധിച്ച അന്തിമ നിലപാട് ക്രൈംബ്രാഞ്ച് എഡിജിപി ആഭ്യന്തരവകുപ്പിനെ അറിയിക്കും.

അതിനിടെ, ശാശ്വതീകാനന്ദയുടേത് മുങ്ങിമരണമാണെന്നു വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തായി. മൃതദേഹത്തില്‍ നെറ്റിയിലെ മുറിവ് മാത്രമാണുള്ളത്. പുരികത്തിനു മുകളില്‍ രണ്ടര സെന്റിമീറ്റര്‍ വലുപ്പത്തിലുള്ള മുറിവ് ദേഹപരിശോധനയില്‍ കണ്ടെത്തിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തിയിട്ടുണ്ട്. ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞിരുന്നു. ശാശ്വതീകാനന്ദയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it