wayanad local

ശശീന്ദ്രന്റെ കൈവശം 2,000 രൂപ; ആകെയുള്ള സ്വത്ത് വീടും സ്ഥലവും

കല്‍പ്പറ്റ: എല്‍ഡിഎഫ് കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ഥി സി കെ ശശീന്ദ്രന്റെ കൈവശമുള്ള തുക 2,000 രൂപ. ആകെയുള്ള സ്വത്ത് 15 ലക്ഷം രൂപ വിലവരുന്ന 77 സെന്റും വീടും. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സ്വത്തു വിവരം സമര്‍പ്പിച്ചത്.
കല്‍പ്പറ്റ ഗ്രാമീണ്‍ബാങ്കില്‍ 76,418 രൂപയുടെ വായ്പയുണ്ട്. ഭാര്യ ഉഷയുടെ പേരില്‍ 53 സെന്റ് സ്ഥലമാണുള്ളത്. ഇതിന് പത്ത് ലക്ഷം രൂപ വിലവരും. 10,000 രൂപ കൈവശത്തിലുമുണ്ട്. ജില്ലാ ബാങ്കില്‍ 50,000 രൂപയുടെ സ്ഥിരനിക്ഷേപവും കൈരളി ചാനലില്‍ 750 രൂപയുടെ ഓഹരിയുമുണ്ട്. 60,000 രൂപയുടെ പോസ്റ്റ് ഓഫിസ് സേവിങ്, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ 2.75 ലക്ഷം രൂപയുടെ കാള്‍ ഡെപ്പോസിറ്റ് എന്നിവയുമുണ്ട്. അഞ്ച് പവന്‍ സ്വര്‍ണമാണ് കൈവശമുള്ളത്.
സുല്‍ത്താന്‍ ബത്തേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന് പത്ത് പവന്‍ സ്വര്‍ണാഭരണം കൈവശമുണ്ട്. കല്‍പ്പറ്റ കനറാ ബാങ്ക്, വാകേരി ഗ്രാമീണ്‍ ബാങ്ക് എന്നിവിടങ്ങളിലായി 16,815 രൂപയും തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി മീനങ്ങാടി സര്‍വീസ് സഹകരണ ബാങ്കില്‍ 10,000 രൂപയുമുണ്ട്. ഗ്രാമീണ്‍ബാങ്കില്‍ 1.94 ലക്ഷം രൂപയുടെ സ്വര്‍ണ വായ്പ നിലവിലുണ്ട്. കൈവശമുള്ള തുക 10,000. ഭര്‍ത്താവ് സുബ്രഹ്മണ്യന്റെ പേരില്‍ 40 സെന്റ് സ്ഥലമാണുള്ളത്. ഇതിന് അഞ്ചു ലക്ഷം രൂപ വിലവരും. വാകേരി ഗ്രാമീണ്‍ ബാങ്കില്‍ 37,000 രൂപയുടെ വായ്പയുണ്ട്.
മാനന്തവാടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ ആര്‍ കേളുവിന് 2,02,567 രൂപയുടെ മൂവിങ് ആസ്തിയും ആറു ലക്ഷം രൂപയുടെ നോണ്‍ മൂവിങ് മുതലുമാണുള്ളത്. 3,15283 രൂപയുടെ ബാധ്യതയുമുണ്ട്. ഭാര്യയുടെ പേരില്‍ 70,000വും ആശ്രിതരായ രണ്ടു മക്കളുടെ പേരിലായി 20,616 രൂപയുമുള്ളതായാണ് നാമനിര്‍ദേശ പത്രികയില്‍ കാണിച്ചത്. കേളു പത്താം ക്ലാസ് പരാജയപ്പെട്ടതാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ദാസ് 10ാം ക്ലാസ് പരീക്ഷയെഴുതിയിട്ടില്ല. ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് 3,69,526 രൂപ ആസ്തിയും 2,91,022 രൂപ ബാധ്യതകളുമുണ്ട്.
കല്‍പ്പറ്റ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ സദാനന്ദന് 1,04,95,000 രൂപയുടെ ആസ്തി. ഇത് ഇദ്ദേഹത്തിന്റെ കൈവശമുള്ള ഭൂമിയുടെ വിലയാണ്. ഇതിനു പുറമെ സ്വന്തം പേരില്‍ 25,000 രൂപയും ഭാര്യയുടെ പേരില്‍ ഒരു ലക്ഷം രൂപയുടെ സമ്പാദ്യവുമുണ്ട്. സദാനന്ദന് എട്ടു ലക്ഷം രൂപയുടെ ബാങ്ക് വായ്പയുണ്ട്.
ജയലക്ഷ്മിക്കെതിരായ പരാതി: സബ് കലക്ടര്‍ അന്വേഷണ റിപോര്‍ട്ട് കൈമാറി
മാനന്തവാടി: 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി കെ ജയലക്ഷ്മി നാമനിര്‍ദേശ പത്രികക്കൊപ്പം വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന പരാതിയില്‍ സബ് കലക്ടര്‍ അന്വേഷണ റിപോര്‍ട്ട് കൈമാറി. ജില്ലാ കലക്ടര്‍ മുഖേന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് റിപോര്‍ട്ട് നല്‍കിയത്.
വിദ്യാഭ്യാസ യോഗ്യത തെറ്റായി കാണിച്ചതുമായി ബന്ധപ്പെട്ടാണ് ബീനാച്ചി സ്വദേശി ഹൈക്കോടതിയിലും വരണാധികാരിക്കും പരാതി നല്‍കിയത്. തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കുക, വ്യാജ സത്യവാങ്മൂലം നല്‍കുക എന്നീ കുറ്റങ്ങള്‍ക്ക് ഐപിസി 177, 181 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.
ഇതു പ്രകാരം ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സബ് കലക്ടര്‍ മന്ത്രിയെയും പരാതിക്കാരനെയും വിളിച്ചുവരുത്തി തെളിവുകളും രേഖകളും പരിശോധിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍, ജയലക്ഷ്മിക്കെതിരേ കേസെടുക്കാമെന്ന് സൂചിപ്പിച്ചതായാണ് വിവരം.
ഐപിസി 177 പ്രകാരം ആറു മാസം തടവോ 1,000 രൂപ പിഴയോ വിധിക്കാം. 181 പ്രകാരം മൂന്നു വര്‍ഷം തടവും പിഴയും ഈടാക്കാം.
Next Story

RELATED STORIES

Share it