ശശി ദേശ്പാണ്ഡേ സാഹിത്യ അക്കാദമിയില്‍ നിന്നു രാജിവച്ചു

ന്യൂഡല്‍ഹി: എഴുത്തുകാര്‍ക്കു നേരെ രാജ്യത്തു നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രമുഖ ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരി ശശി ദേശ്പാണ്ഡേ സാഹിത്യ അക്കാമദി ഗവേണിങ് കൗണ്‍സിലില്‍ നിന്നു രാജിവച്ചു. എഴുത്തുകാരന്‍ കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സാഹിത്യ അക്കാദമി പുലര്‍ത്തുന്ന മൗനത്തിലും ഭരണകൂട നടപടികളിലും പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് അക്കാമദി അധ്യക്ഷന്‍ ഡോ. വിശ്വനാഥ് പ്രസാദ് തിവാരിക്കെഴുതിയ കത്തില്‍ ശശി വ്യക്തമാക്കി.

കൗണ്‍സിലിലെ അംഗവും അക്കാദമി അവാര്‍ഡ് ജേതാവുമായ കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ അക്കാദിയും എഴുത്തുകാരും മൗനം പാലിക്കുന്നതില്‍ താന്‍ കടുത്ത നിരാശയിലാണെന്ന് അവര്‍ വ്യക്തമാക്കി. ദാറ്റ് ലോങ് സൈലന്‍സ് എന്ന ഇംഗ്ലീഷ് നോവലിന് 2009ല്‍ ശശിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അതിനിടെ, പ്രമുഖ ഉര്‍ദു നോവലിസ്റ്റ് റഹ്മാന്‍ അബ്ബാസ് അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി. രാജ്യത്ത് എഴുത്തുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളിലും അതില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനത്തിലും പ്രതിഷേധിച്ചാണ് നടപടി.

ദാദ്രിയിലെ കൊലപാതകത്തിലും തുടര്‍സംഭവങ്ങളിലും ഉര്‍ദു എഴുത്തുകാര്‍ കടുത്ത അസന്തുഷ്ടിയിലാണ്. തനിക്കു പുറമേ ഏതാനും ഉര്‍ദു എഴുത്തുകാര്‍ കൂടി രാജ്യത്തു വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് തങ്ങളുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡ് തിരിച്ചുനല്‍കാനുള്ള തീരുമാനം ഫേസ്ബുക്ക് പേജിലൂടെയാണ് റഹ്മാന്‍ അറിയിച്ചത്. ദൈവത്തിന്റെ തണലില്‍ ഒളിച്ചുകളി എന്ന നോവലിന് 2011ലാണ് റഹ്മാന്‍ അബ്ബാസിന് അക്കാദമി പുരസ്‌കാരം ലഭിച്ചത്. 1992ലെ മുംബൈ കലാപാനന്തരം തീവ്രവാദത്തിലേക്ക് ആകൃഷ്ടനായ വിദ്യാസമ്പന്നനായ മുസ്‌ലിം യുവാവിന്റെ ജീവിതകഥ പറയുന്ന നഖ്‌ലിസ്താന്‍ കി തലാഷ് എന്ന റഹ്മാന്റെ 2004ല്‍ പുറത്തിറങ്ങിയ നോവല്‍ ഏറെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it