ശശാങ്ക് മനോഹര്‍ വീണ്ടും ഐസിസി ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഐസിസി ചെയര്‍മാനായി ശശാങ്ക് മനോഹര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസം മുമ്പ് ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ച മനോഹര്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഐസിസി ചെയര്‍മാനായി എത്തുന്നത്. ഇതോടെ ഐ.സി സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാന്‍ എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തമായി. ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് തി രഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള യോഗ്യതയില്ലാത്തതിനാലാണ് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്.
ഐസിസിയുടെ പുതിയ നിയമപ്രകാരം ചെയര്‍മാന്‍ സ്ഥാനത്തേക്ക് രഹസ്യ വോട്ടെടുപ്പ് നടത്തണം. ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള യോഗ്യതയില്ല. ഐസിസി ഡയറക്ടേഴ്‌സിനു മല്‍സരരംഗത്തേക്കു ഒരു നോമിനിയെ നിര്‍ദേശിക്കാം. ഇങ്ങനെ നിര്‍ദേശിക്കപ്പെടുന്നയാള്‍ മുമ്പോ നിലവിലോ ഐസിസി ഡയറക്ടര്‍ ആയിരിക്കണം. രണ്ടിലധികം അംഗങ്ങളുടെ പിന്തുണയുള്ള നോമിനികള്‍ക്കു ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിക്കാം. മെയ് 23നായിരുന്നു തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഐകകണേ്ഠ്യന ബോര്‍ഡംഗങ്ങളെല്ലാം മനോഹറുടെ പേര് നിര്‍ദേശിച്ചതിനാല്‍ അദ്ദേഹത്തെ ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നെന്ന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഓഡിറ്റ് കമ്മിറ്റി ചെയര്‍മാന്‍ അദ്‌നാന്‍ സെയ്തി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയെ പ്രതിനിധീകരിച്ചല്ല മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ചത്. ഇതാദ്യമായാണ് ഒരു രാജ്യത്തെയും പ്രതിനിധീകരിക്കാത്ത ചെയര്‍മാനെ ഐസിസിക്ക് ലഭിക്കുന്നത്.
Next Story

RELATED STORIES

Share it