ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ. പ്രസിഡന്റ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) പുതിയ പ്രസിഡന്റായി ശശാങ്ക് മനോഹറിനെ ഏകകണ്‌ഠ്യേന തിരഞ്ഞെടുത്തു. മുംബൈയില്‍ നടന്ന ബോര്‍ഡ് ജനറല്‍ ബോഡി യോഗത്തിലാണ് മനോഹര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടിവന്നത്.ബോര്‍ഡ് സെക്രട്ടറി അനുരാഗ് താക്കൂര്‍, മുന്‍ പ്രസിഡന്റ് ശരത്പവാര്‍ വിഭാഗങ്ങളുടെ പിന്തുണയോടെയാണ്് മനോഹര്‍ അധ്യക്ഷപദവിയിലേക്ക് വീണ്ടുമെത്തിയത്. കൂടുതല്‍ ബോര്‍ഡുകളുടെ പിന്തുണയുള്ള ഇവരെ എതിര്‍ക്കാനുള്ള അംഗബലം ഇല്ലാത്തതിനാല്‍ എന്‍ ശ്രീനിവാസന്‍ വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.

മൊത്തം 30 അസോസിയേഷനുകളാണ് ബി.സി.സി.ഐയിലെ അംഗങ്ങള്‍. ശ്രീനിവാസനെ ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്തുനിന്ന് അകറ്റിനിര്‍ത്താനുള്ള പവാറിന്റെയും താക്കൂറിന്റെയും ശ്രമമാണ് മനോഹറിനെ രംഗത്തിറക്കിയതിനു പിന്നില്‍. നാഗ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഭിഭാഷകനായ മനോഹര്‍,

പവാറിന്റെ പിന്‍ഗാമിയായി 2008ലാണ് ബി.സി.സി.ഐയുടെ തലപ്പത്ത് ആദ്യമായെത്തിയത്. 2011 വരെ അദ്ദേഹം ബി.സി.സി.ഐയെ നയിച്ചു. സാമ്പത്തികകാര്യങ്ങളില്‍ സുതാര്യത വരുത്തി ശുദ്ധികലശത്തിനൊരുങ്ങുകയാണ് മനോഹര്‍. ബോര്‍ഡിന്റെ വരവു ചെലവു കണക്കുകള്‍ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബോര്‍ഡ് യോഗങ്ങള്‍ ബി.സി.സി.ഐ. ആസ്ഥാനത്ത് മാത്രം നടത്തിയാല്‍ മതിയെന്നാണ് മറ്റൊരു പ്രധാന തീരുമാനം.
Next Story

RELATED STORIES

Share it