Sports

ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു

ന്യുഡല്‍ഹി: ബിസിസിഐ പ്രസിഡന്റ് സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവച്ചു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഐസിസി ഭാരവാഹികള്‍ ഇരട്ടപദവി വഹിക്കരുതെന്ന് നിയമം നിലവിലുള്ളതിനാല്‍ മനോഹര്‍ രാജിവയ്ക്കുകയായിരുന്നു.
ബിസിസിഐ പ്രഡിഡന്റ് ആയിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെ തുടര്‍ന്ന് 2015 ഒക്‌ടോബറിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാംതവണയും പ്രസിഡന്റായ മനോഹര്‍ കേവലം ഏഴുമാസം മാത്രമാണ് ഈ സ്ഥാനത്ത് ഇരുന്നത്. ഇക്കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറിനെഴുതിയ രാജിക്കത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും ബോര്‍ഡംഗങ്ങള്‍ക്കും മനോഹര്‍ നന്ദി അറിയിച്ചു. മനോഹര്‍ രാജിവച്ച ഒഴിവില്‍ താക്കൂര്‍ പ്രസിഡന്റ് ആവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരത് പവാര്‍, അജയ് ഷിര്‍ക്കെ, രാജീവ് ശുക്ല എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു.
15 ദിവസത്തിനകം പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
ബിസിസിഐ തലപ്പത്തേക്ക് നിയമിതനായതിനെ തുടര്‍ന്ന് ഐസിസി ചെയര്‍മാന്‍ സ്ഥാനവും മനോഹര്‍ രാജിവച്ചിരുന്നു. ജൂലൈയില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് 58കാരനായ മനോഹറിന്റെ രാജി.
ഐസിസി നിര്‍ദേശപ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നവര്‍ ഒരു രാജ്യത്തിന്റേയും ക്രിക്കറ്റ് ബോര്‍ഡില്‍ സ്ഥാനമില്ലാത്ത സ്വതന്ത്രരായിരിക്കണം. ഐസിസിയിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കുകയും വേണം.
Next Story

RELATED STORIES

Share it