Kottayam Local

ശരണ്യ സ്വയംതൊഴില്‍ വായ്പാ പദ്ധതി: 202 വനിതകള്‍ക്ക് ഒരു കോടി വിതരണം ചെയ്തു

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയംതൊഴില്‍ വായ്പ പദ്ധതിപ്രകാരം ജില്ലയില്‍ 202 പേര്‍ക്കായി ഒരു കോടിരൂപയുടെ വായ്പ വിതരണം ചെയ്തു. ഇതില്‍ 25000 രൂപ സബ്‌സിഡിയും ശേഷിക്കുന്ന തുകയ്ക്ക് പലിശ രഹിത വായ്പയുമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വായ്പ വിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പരിവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമായി ജനഹൃദയം കണ്ടറിഞ്ഞ് സ്ത്രീകള്‍ക്ക് സ്വന്തമായി നിലനില്‍പ്പൊരുക്കുന്ന സാമൂഹിക സുരക്ഷ പദ്ധതികളിലൊന്നാണ് ശരണ്യ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്വയംതൊഴില്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ സ്‌കറിയ തോമസ് പദ്ധതി അവലോകനം ചെയ്തു. സബ് റീജ്യനല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കെ കെ പ്രേഷ്‌കുമാര്‍, വൊക്കേഷനല്‍ ഗൈഡന്‍സ് വിഭാഗം എംപ്ലോയ്‌മെന്റ് ഓഫിസര്‍ രാജശേഖരന്‍ നായര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ശരച്ചന്ദ്രന്‍ എം സി, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ജയകൃഷ്ണന്‍ കെ ആര്‍ സംസാരിച്ചു.  വായ്പാതിരിച്ചടവ് 60 തുല്യതവണകളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഉപകേന്ദ്രങ്ങളായ ചങ്ങനാശ്ശേരി, പാല, വൈക്കം ഓഫിസുകളിലും അടയ്ക്കാം.
Next Story

RELATED STORIES

Share it