kasaragod local

ശരണ്യ പദ്ധതി: 26 വനിതകള്‍ക്ക് 13 ലക്ഷം രൂപ അനുവദിച്ചു

കാസര്‍കോട്: അശരണരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ശരണ്യ പദ്ധതി പ്രകാരം ജില്ലയില്‍ 26 വനിതകള്‍ക്ക് 13 ലക്ഷം രൂപ അനുവദിച്ചു.
ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫിസില്‍ 34 അപേക്ഷകളാണ് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ലഭിച്ചത്. ഇതില്‍ നിന്നും, ജില്ലാ കലക്ടര്‍ ചെയര്‍മാനൂം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ കണ്‍വീനറുമായ സമിതിയാണ് 26 അപേക്ഷകള്‍ തിരഞ്ഞെടുത്തത്.
സാമ്പത്തിക സഹായത്തിന് അര്‍ഹരായ വനിതകള്‍ ടൈലറിങ് യൂനിറ്റ്, പശുവളര്‍ത്തല്‍ യൂനിറ്റ,് ആടുവളര്‍ത്തല്‍ യൂനിറ്റ്, പലഹാര നിര്‍മാണ യൂനിറ്റ് തുടങ്ങിയ വിവിധ ഇനം സ്വയം തൊഴില്‍ സംരംഭങ്ങളാണ് ആരംഭിക്കുന്നത്. യൂനിറ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി ഈ വനിതകള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. 50,000 രൂപയാണ് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് വായ്പയായി ഇവര്‍ക്ക് അനുവദിച്ചത്.
ഇത് പലിശ രഹിത വായ്പയാണ്. കൂടാതെ, വായ്പ തുകയുടെ 50 ശതമാനം സബ്‌സിഡിയായി അനുവദിക്കും. ഈ പലിശ രഹിത വായ്പ 60 തവണകളായി ബന്ധപ്പെട്ട ജില്ലാ, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫിസിലാണ് അടച്ച് തീര്‍ക്കേണ്ടത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗ അവിവാഹിതരായ അമ്മമാര്‍ എന്നിവരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്.
വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ള ഈ വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്ക് ശരണ്യ പദ്ധതി പ്രകാരം സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ഫോമുകള്‍ സൗജന്യമായി കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഫോസ്ദുര്‍ഗിലെ ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫിസിലും മഞ്ചേശ്വരം ബ്ലോക്കിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്റ് ബ്യൂറോയിലും ലഭ്യമാണ്.
ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്വയം തൊഴില്‍ പദ്ധതിയുടെ വിശദമായ റിപോര്‍ട്ടും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ശരണ്യ പദ്ധതി പ്രകാരം കഴിഞ്ഞ വര്‍ഷം വനിതകള്‍ക്ക് 54 ലക്ഷം രൂപയാണ് അനുവദിച്ചത്.
Next Story

RELATED STORIES

Share it