Pathanamthitta local

ശരണമന്ത്ര ധ്വനിയില്‍ പന്ത്രണ്ട് വിളക്കിന് പന്തളം ഒരുങ്ങി

പന്തളം: ശരണ മന്ത്രധ്വനിയില്‍ പന്ത്രണ്ട് വിളക്കിനൊരുങ്ങി പന്തളവും വലിയ കോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രവും സ്രാമ്പിക്കല്‍ കൊട്ടാരവും. വൃശ്ചികമാസം തുടങ്ങിയതോടെ തദ്ദേശിയരും അല്ലാത്തവരുമായ ഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന ഭക്തജനത്തിരക്ക് രാത്രി വൈകി നടക്കുന്ന ഭജന വരെ തുടരും ഒപ്പം രാത്രി കാലങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്നതും ഇവിടെ മണികണ്ഠന്‍ ആല്‍ത്തറയിലെ നടപ്പന്തലില്‍ ആണ്. എല്ലാ ദിവസവും അന്നദാനവും രാത്രി ഭജനയും വിശേഷാല്‍ പൂജകളും ക്ഷേത്രത്തിലും മണികണ്ഠന്‍ ആല്‍ത്തറയിലും നടക്കുന്നു. ക്ഷേത്രത്തിന് സമീപത്തിലൂടെ ഒഴുകുന്ന അച്ചന്‍കോവില്‍ ആറ്റില്‍ കുളിച്ച് ഈറന്‍ ഉണങ്ങാത്ത വസ്ത്രങ്ങളുമായി ദര്‍ശനത്തിനെത്തുന്ന ആയിരങ്ങള്‍ ഇവിടെ നിത്യകാഴ്ചയാണ്. ഭക്തരെ സ്വീകരിക്കാനും പന്ത്രണ്ട് വിളക്ക് ആഘോഷങ്ങള്‍ക്കും ക്ഷേത്രവും പരിസരവും ഒരുങ്ങിയിരിക്കുകയാണ്.
തീര്‍ഥാടനം ആരംഭിച്ചതോടെ ക്ഷേത്ര പരിസരത്തിനൊപ്പം പന്തളം പട്ടണത്തിലും തിരക്കേറി. തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങള്‍, കാല്‍ നടയായി എത്തുന്നവര്‍, ഹോട്ടല്‍മുറികളും മറ്റും അന്വേഷിച്ചെത്തുന്നവര്‍ തുടങ്ങി എല്ലായിടവും ശരണ മന്ത്രങ്ങള്‍ മാത്രം. ഇക്കുറി ശനിയാഴ്ചയാണ് പന്ത്രണ്ട് വിളക്ക് ഉല്‍സവം. എന്നാല്‍ തീര്‍ത്ഥാടനം മുന്നില്‍കണ്ട് ഫലപ്രദമായി മുന്‍കരുതലുകള്‍ എടുക്കാന്‍ നഗരസഭ അധികൃതര്‍ക്കോ ദേവസ്വം ബോര്‍ഡിനോ ആയിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം പി കെ കുമാരന്റെ നാട് ആയിരുന്നിട്ടുകൂടി വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it